കേരളം
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; ദൃശ്യങ്ങളും വിവരങ്ങളും ശേഖരിച്ചതായി എഡിജിപി
വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് പരമാവധി വിവരങ്ങൾ ശേഖരിച്ചതായി എഡിജിപി മനോജ് എബ്രഹാം. എസ് എഫ് ഐ പ്രവർത്തകർ ഓഫീസ് ആക്രമിക്കുന്നതിന്റെ പരമാവധി ദൃശ്യങ്ങൾ പരിശോധിച്ചു. പൊലീസിന്റെ വീഴ്ചയടക്കം പരിശോധിച്ചു. സർക്കാരിന് ഉടൻ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള റോഡ് ഉപരോധത്തിൽ കടുത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജയിംസ്, കെഎസ് യു ജില്ലാ പ്രസിഡന്റ് ഷമ്മാസ് ഉൾപെടെ 11 പേരെ അറസ്റ്റ് ചെയ്തു. പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു എന്നതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. മൂന്ന് ദിവസം മുൻപാണ് കണ്ണൂർ കാൽടെക്സിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. ഇതിന്മേലാണ് നടപടി.
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നാണ് എഡിജിപിയുടെ അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തൽ. എസ് എഫ് ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷയൊരുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നാണ് എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ പൊലീസ് സുരക്ഷ നൽകിയില്ല. പൊലീസിനെ മറികടന്ന് പ്രതിഷേധിച്ച പ്രവർത്തകർ അകത്ത് കയറിയിട്ടും നടപടി എടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നുമാണ് എഡിജിപിയുടെ പ്രാഥമിക വിലയിരുത്തൽ.