കേരളം
കേരള കോൺഗ്രസിന്റെ മുന്നണിമാറ്റം: ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെച്ചു
കേരള കോൺഗ്രസ് ജോസ് വിഭാഗം എൽ.ഡി.എഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതിനു പിന്നാലെ ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെന്നി കാവാലം രാജി പ്രഖ്യാപിച്ചു.
ബുധനാഴ്ച പഞ്ചായത്ത് ഓഫീസിൽ എത്തിയെങ്കിലും സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ രാജിക്കത്ത് നൽകാനായില്ല. ഏഴാം വാർഡായ കരിയക്കരയിൽനിന്നുള്ള അംഗമാണിദ്ദേഹം. യു.ഡി.എഫിന് ഒപ്പംനിന്ന് നേടിയ വൈസ് പ്രസിഡന്റ് സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെയ്ക്കുകയാണെന്ന് ഡെന്നി അറിയിച്ചു.
നവംബർ 11-ന് കാലാവധി അവസാനിക്കാനിരിക്കെ രാജി തീരുമാനം ഭരണമാറ്റമുണ്ടാക്കില്ല. പത്താം വാർഡായ കോഴിച്ചാലിൽനിന്നാണ് കേരളാ കോൺഗ്രസിന് മറ്റൊരംഗമുള്ളത്.
19-അംഗ പഞ്ചായത്തിൽ കോൺഗ്രസിന് ഒൻപതും കേരളാ കോൺഗ്രസിന് രണ്ടും എൽ.ഡി.എഫി.ന് എട്ടും അംഗങ്ങളാണുള്ളത്. ഇടക്കാലത്ത് ഒരുവർഷം എൽ.ഡി.എഫ്. പിന്തുണയോടെ കേരളാ കോൺഗ്രസിലെ കൊച്ചുറാണി ജോർജ് പ്രസിഡന്റായിരുന്നു. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ പുളിങ്ങോം മുതലാണ് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങൾ.
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രാപ്പൊയിൽ ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മുള്ളൻമട കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നേതാവാണ്.