ആരോഗ്യം
ആരോഗ്യ പ്രവർത്തകരല്ലാത്ത കൊറോണ മുന്നണി പോരാളികൾക്കുള്ള വാക്‌സിൻ വിതരണം ഇന്ന് മുതൽ
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകരല്ലാത്ത കൊറോണ മുന്നണി പോരാളികൾക്കുള്ള വാക്‌സിൻ വിതരണം ഇന്ന് ആരംഭിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിനാണ് മുൻനിര പോരാളികൾക്ക് നൽകുന്നത്. പോലീസ്, മറ്റ് സേനാ വിഭാഗങ്ങൾ, മുൻസിപ്പാലിറ്റി ജീവനക്കാർ, റവന്യു പഞ്ചായത്ത് ജീവനക്കാർ എന്നീ വിഭാഗങ്ങളിലുള്ളവർക്കാണ് വാക്‌സിൻ നൽകുക.
3,30,775 ആരോഗ്യ പ്രവർത്തകരാണ് സംസ്ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. കൊറോണ മുന്നണി പോരാളികളിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, തിരുവനന്തപുരം ജില്ലാ കളക്ടർ എന്നിങ്ങനെ നിരവധി പേർ വാക്‌സിൻ സ്വീകരിക്കും. വാക്‌സിനേഷന് മുന്നോടിയായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഓരോ വ്യക്തിയ്ക്കും 0.5 എംഎൽ കൊവിഷീൽഡ് വാക്‌സിനാണ് കുത്തിവെയ്ക്കുക. രണ്ടു ഡോസുകളാണ് ഒരോ വ്യക്തിയും സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കണം അടുത്ത ഡോസ് കുത്തിവെയ്‌പ്പെടുക്കേണ്ടത്