രാജ്യാന്തരം
യു.എസ്- മെക്‌സിക്കോ അതിര്‍ത്തി കുടിയേറ്റം; ചുമതല ഇനി കമല ഹാരിസിന്
യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള നയതന്ത്ര ചുമതല അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ഏല്‍പ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ നിരവധി പേര്‍ അഭയാര്‍ത്ഥികളായി എത്തുന്നു എന്ന റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്‍ കമല ഹാരിസിനെ കുടിയേറ്റവുമായി ബന്ധപ്പെട്ട നയതന്ത്ര ചുമതല ഏല്‍പ്പിക്കുന്നത്.
മെക്‌സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി കമല ഹാരിസ് കുടിയേറ്റ വിഷയം സംസാരിക്കും. താന്‍ ഏറ്റെടുക്കുന്നത് എളുപ്പമുള്ള ചുമതലയല്ല എന്ന് നന്നായി അറിയാമെന്ന് കമല ഹാരിസ് പ്രതികരിച്ചു.
മെക്സിക്കോയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്നും അമേരിക്കയിലേക്ക് പലായനം ചെയ്യുന്നയാളുകളുടെ എണ്ണം കൂടിയതിന് പിന്നാലെ ബൈഡന്‍ കൂട്ടമായി ആളുകള്‍ അമേരിക്കയിലേക്ക് വരേണ്ടതില്ല എന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ജനുവരി 20ന് അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ ബൈഡന്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വലിയ മാറ്റം വരുത്തിയിരുന്നു.