രാജ്യാന്തരം
ഉടന്‍ യുക്രൈന്‍ വിടണം’; റഷ്യന്‍ സൈന്യത്തിന് സെലന്‍സ്‌കിയുടെ മുന്നറിയിപ്പ്
റഷ്യന്‍ സൈന്യത്തിന് മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. ജീവന്‍ വേണമെങ്കില്‍ ഉടന്‍ യുക്രൈന്‍ വിടണമെന്ന് സെലന്‍സ്‌കി റഷ്യന്‍ സൈന്യത്തിനോട് ആവശ്യപ്പെട്ടു. റഷ്യയുടെ 4500 സൈനികരെ യുക്രൈന്‍ വധിച്ചതായി സെലന്‍സ്‌കി പറഞ്ഞു. ആയുധം ഉപേക്ഷിച്ച് മടങ്ങിപ്പോകൂ. നിങ്ങളുടെ കമാന്‍ഡര്‍മാരെയും പ്രചാരകരെയും വിശ്വസിക്കരുത്. നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കൂ എന്നും സെലന്‍സ്‌കി വീഡിയോയില്‍ റഷ്യന്‍ സൈനികരോട് ആവശ്യപ്പെട്ടു.
സൈനിക സേവന പരിചയമുള്ള, റഷ്യയ്‌ക്കെതിരെ പോരാന്‍ തയ്യാറുള്ള തടവുകാരെയെല്ലാം മോചിപ്പിക്കും. യുക്രൈന് ഉടനടി യുറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കണമെന്നും വോളോഡിമര്‍ സെലന്‍സ്‌കി പുറത്തു വിട്ട വീഡിയോയില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ എല്ലാ യുക്രൈനിയന്‍ പൗരന്മാരും രാജ്യത്തിന്റെ പോരാളികളായി മാറിയിരിക്കുന്നുവെന്നും സെലന്‍സ്‌കി വീഡിയോയില്‍ പറഞ്ഞു.
അതിനിടെ, ബെലാറൂസ് അതിര്‍ത്തിയില്‍ റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ച ഉടന്‍ നടക്കും. ചര്‍ച്ചകള്‍ക്കായി ഇരു രാജ്യത്തെയും പ്രതിനിധികളെത്തി. റഷ്യന്‍ സൈനിക പിന്മാറ്റവും വെടിനിര്‍ത്തലുമാണ് പ്രധാന ആവശ്യം. പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നികോവ്, സെലന്‍സ്‌കിയുടെ പാര്‍ട്ടിയുടെ ചെയര്‍മാനും എംപിയുമായ ഡേവിഡ് അരാകാമിയ എന്നിവരാണ് ചര്‍ച്ചയില്‍ യുക്രൈന്‍ സംഘത്തെ പ്രതിനിധീകരിക്കുന്നത്.