Kerala
തേനീച്ചയുടെ കുത്തേറ്റു; കുടകിൽ രണ്ട് പേർക്ക് ദാരുണാന്ത്യം


തേനീച്ചയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. കർണാടകയിലെ കുടകിലാണ് ദാരുണ സംഭവം. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇരുവരും മരിച്ചത്. ഇരുവരുടേയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് പേർക്ക് കൂടെ കുത്തേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ഹുലിത്തല സ്വദേശി അശ്വിൻ കുമാർ (45), ഗോണിക്കൊപ്പ സ്വദേശി വേലു (80) എന്നിവരാണ് വ്യത്യസ്ത അപകങ്ങളിൽ മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ അശ്വിൻ കുമാറിനെയും സഹോദരിയെയും കൂറ്റൻ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അശ്വിൻ അപ്പോഴേക്കും മരിച്ചു. പരിക്കേറ്റ സഹോദരി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.
വേലുവും ഭാര്യ ലക്ഷ്മിയും ജോലിക്ക് പോകുമ്പോഴായിരുന്നു തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വേലുവിനെ രക്ഷിക്കാനായില്ല. ലക്ഷ്മിയുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ ശ്രീമംഗല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തേനീച്ചകളുടെ എണ്ണം ഗണ്യമായി ഉണ്ടെങ്കിലും ആക്രമണം സാധാരണമല്ലെന്നും രണ്ട് സംഭവങ്ങളും ആകസ്മികമാണെന്നും അധികൃതർ പറയുന്നു.