കേരളം
കോഴിയിറച്ചി വിൽക്കുന്നതിന്റെ മറവിൽ ഹാഷിഷ് ഓയിൽ കൈമാറ്റം; തിരുവനന്തപുരത്ത് നാലു പേർ പിടിയിൽ
ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ മയക്കു മരുന്ന് കച്ചവടം. 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു യുവാക്കൾ പൊലീസിന്റെ പിടിയിൽ. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ഹാഷിഷ് ഓയിലുമായി ശ്രീകാര്യം പൊലീസ് പിടികൂടിയത്.
ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിലാണ് ഇവർ ലഹരിവസ്തുക്കൾ കടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ ഇന്നലെ രാത്രിയാണ് ഇവർ പിടിയിലായത്.
വാഹനം തടഞ്ഞ് പൊലീസ് വിവരം അന്വേഷിച്ചപ്പോള്‍ ഹോട്ടലുകളില്‍ നല്കിയ ഇറച്ചിയുടെ പണം വാങ്ങാൻ പോവുകയാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സംഘം ഇവർ സഞ്ചരിച്ച ഓട്ടോ റിക്ഷയിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. ഓട്ടോയും കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ ഒരാൾ നേരത്തെ കഞ്ചാവു കേസിൽ പ്രതിയാണ്.