കേരളം
ഇടുക്കിയിലും ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ
ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടർന്ന് മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന സ്ഥാപനത്തിനത്തിൽ നിന്നാണ് ഷവർമ വാങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ഇവരുടെ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പരിസരം വൃത്തി ഹീനമെന്ന് കണ്ടെത്തി. ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ഒരാഴ്ചക്കിടെ രണ്ട് പെൺകുട്ടികളാണ് മരിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിൽ നാടിളക്കിയുള്ള പരിശോധനകൾ തുടരുന്നതിനിടെയാണ് കാസർകോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി എന്ന പത്തൊൻപതുകാരിയുടെ ദാരുണ മരണം. കാസർകോട് അടിക്കത്തുബയലിലെ അൽ- റൊമൻസിയ റെസ്റ്റോറന്റിൽ നിന്ന് പുതുവർഷ തലേന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് മരണമെന്ന് കുടുംബം പരാതി നൽകി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഡിസംബർ 31 നാണ് അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങിയത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.