ആരോഗ്യം
പ്രമേഹ രോഗികള്‍ പതിവായി കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍…
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ, അമിത ഊര്‍ജം അടങ്ങാത്ത എന്നാല്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്.
അത്തരത്തില്‍ പ്രമേഹ രോഗികള്‍ പതിവായി കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
നെല്ലിക്കയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.
രണ്ട്…
പാവയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടുന്നതിനും കണ്ണിന്‍റെയും കരളിന്‍റെയും ആരോഗ്യത്തിനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. പാവയ്ക്കയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ പ്രമേഹ രോഗികള്‍ പാവയ്ക്ക ജ്യൂസായി കുടിക്കുന്നത് നല്ലതാണ്.
മൂന്ന്…
തക്കാളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് തക്കാളി. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്. കൂടാതെ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപ്പിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.