ക്രൈം
മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു; കത്തിയുമായി നടന്നുപോയ പ്രതിയെ പോലീസ് പിടികൂടി
ഈരാറ്റുപേട്ട കളത്തുകടവിൽ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്. തൊടുപുഴ റൂട്ടിൽ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പ് ജങ്ഷനിലാണ് കൊലപാതകമുണ്ടായത്. സംഭവുമായി ബന്ധപെട്ട് ലിജോയുടെ മാതൃസഹോദരൻ ജോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ട് മൂന്നരയോടുകൂടിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ലിജോയും പൊലീസ് കസ്റ്റഡിയിലായ ജോസും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും വെട്ടിപ്പറമ്പ് ജങ്ഷനിലുള്ള കടയുടെ മുന്നിൽവെച്ച് ജോസ് ലിജോയെ കുത്തുകയുമായിരുന്നു. സംഭവത്തിൽ ജോസിന്റെ മകൻ സെബാസ്റ്റ്യനും പരിക്കേറ്റിട്ടുണ്ട്.
കുത്തിയതിന് ശേഷം കത്തിയുമായി നടന്നുപോയ ജോസിനെ പൊലീസ് പിടികൂടുകയായിരുന്നു. അടുത്തിടെയാണ് ജോസ് മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ജോസിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.