കേരളം
നായയെ കുളിപ്പിക്കവെ അനിയത്തി തടാകത്തിൽ വീണു, രക്ഷിക്കവെ യുവ ഡോക്ടറും; നാടിനെ കണ്ണിരിലാഴ്ത്തി സംസ്കാരം
വളർത്തു നായയെ കുളിപ്പിക്കുന്നതിനിടയിൽ മുംബൈയിൽ തടാകത്തിൽ മുങ്ങി മരിച്ച സഹോദങ്ങളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കുമാരപുരം താമല്ലാക്കൽ ശബരിയിൽ രവീന്ദ്രൻ – ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (21), സഹോദരി കീർത്തി (17) എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ താമല്ലാക്കലിൽ എത്തിച്ച് സംസ്കരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിക്ക് സഹോദരങ്ങൾ വളർത്തു നായയുമൊത്ത് പ്രഭാത സവാരി നടത്തുന്നതിനിടയിലായിരുന്നു അപകടം. നായയെ കുളിപ്പിക്കുന്നതിന് വേണ്ടി കീർത്തി ഇറങ്ങുമ്പോൾ ആഴമുള്ള ദാവഡി താടാകത്തിൽ തെന്നി വീഴുകയായിരുന്നു. കീർത്തിയെ രക്ഷിക്കുന്നതിനു വേണ്ടി ഇറങ്ങിയ രഞ്ജിത്തും അപകടത്തിൽ പെടുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിക്ക് വീട്ടിലെത്തിച്ച മൃതദേഹങ്ങൾ ഒരു മണിയോടെ സംസ്കരിച്ചു. മുംബൈ ഉപനഗരമായ ഡോമ്പിവലിയിൽ വർഷങ്ങളായി കുടുംബസമേതം താമസിക്കുകയായിരുന്ന രവീന്ദ്രൻ ആഴ്ചകൾക്ക് മുൻപാണ് താമല്ലാക്കൽ പുതിയ വീട് വാങ്ങി ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയത്. ഒരു ദിവസം താമസിച്ച ശേഷമാണ് മക്കൾ മുംബൈയിലേക്ക് മടങ്ങിയത്. മാതാവ് ദീപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൽ തങ്ങാൻ തീരുമാനിച്ചതോടെ മക്കൾ മുംബൈയിലേക്കു മടങ്ങുകയായിരുന്നു. രഞ്ജിത് നവി മുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി പ്ലസ് ടു പൂർത്തിയാക്കി നിൽക്കുകയായിരുന്നു.