കേരളം
സെര്‍ച്ച് കമ്മിറ്റി നിയമ വിരുദ്ധം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും സെനറ്റ് പ്രമേയം
ഗവര്‍ണര്‍ക്കെതിരായ പ്രമേയം കേരള സര്‍വകലാശാല സെനറ്റ് വീണ്ടും പാസ്സാക്കി. പുതിയ വിസിയെ കണ്ടെത്തുന്നതിനായി, ഗവര്‍ണര്‍ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ 50 അംഗങ്ങള്‍ പിന്തുണച്ചു.
ഏഴുപേര്‍ പ്രമേയത്തെ എതിര്‍ത്തു. സെര്‍ച്ച് കമ്മിറ്റി നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് സെനറ്റ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചു. ഗവര്‍ണര്‍ തീരുമാനം പിന്‍വലിക്കുന്ന മുറയ്ക്ക്, സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയിലേക്ക് തങ്ങളുടെ പ്രതിനിധിയെ നിശ്ചയിക്കുമെന്ന് സെനറ്റ് അംഗങ്ങള്‍ വ്യക്തമാക്കി.
അതുവരെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. നോട്ടിഫിക്കേഷന്‍ അപൂര്‍ണമാണ്, ഇത് ചട്ടവിരുദ്ധമാണ്, കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം. ഇത് നിയമപ്രശ്‌നമാണെന്നും, രാഷ്ട്രീയ വിഷയമില്ലെന്നും ഇടത് അനുകൂല സെനറ്റ് അംഗങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം, സര്‍വകലാശാല പ്രതിനിധിയെ ഉടന്‍ നിയമിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാവിലെ സെനറ്റ് യോഗത്തിന് മുന്നോടിയായി ബരണപക്ഷ നിലപാടുള്ള അംഗങ്ങള്‍ എകെജി സെന്ററിലെത്തി ചര്‍ച്ച നടത്തിയിരുന്നു. പുതിയ വിസിയെ കണ്ടെത്തുന്നതിനായി ഗവര്‍ണര്‍ രണ്ടംഗ പാനല്‍ രൂപീകരിക്കുകയും, സര്‍വകലാശാല പ്രതിനിധിയെ അറിയിക്കാന്‍ സെനറ്റിനോട് ആവശ്യപ്പെടുകയുമായിരുന്നു.