കേരളം
ദേശീയപാതയ്ക്ക് മണ്ണെടുത്ത് പഞ്ചായത്ത് റോഡ് തകർത്തു, ഇല്ലാതായത് 64 മുതലുള്ള റോഡ്
പുളിക്കലില്‍ ദേശീയപാതാ വികസന പ്രവൃത്തിക്കായി പഞ്ചായത്ത് റോഡുള്‍പ്പെടെ ഇടിച്ച് നിരത്തി മണ്ണെടുത്തതായി പരാതി. പറവൂര്‍ കീരിക്കുന്ന് എസ് സി കോളനി റോഡാണ് മണ്ണെടുപ്പിനെ തുടര്‍ന്ന് ഇല്ലാതായത്. പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുകയാണ്.
കുന്നിന്‍ മുകളില്‍ ഒരേക്കറോളം ഭൂമിയുണ്ട് ഹബീബ് റഹ്മാന്. പക്ഷേ സ്വന്തം പറമ്പിലേക്ക് എത്തണമെങ്കില്‍ കോണി വെച്ച് കയറേണ്ടി വരും. ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്നും മണ്ണെടുക്കാന്‍ തുടങ്ങിയതോടെയാണ് സമീപത്തെ പഞ്ചായത്ത് റോഡ് ഇല്ലാതായത്. മണ്ണെടുക്കല്‍ നിര്‍ബാധം തുടര്‍ന്ന കരാറുകാര്‍ പുളിക്കല്‍ പഞ്ചായത്തിലേയും ചെറുകാവ് പഞ്ചായത്തിലേയും അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന പറവൂര്‍ കീരിക്കുന്ന് എസ് സി കോളനി റോഡ് കൂടി കൈയേറി മണ്ണെടുത്തതായാണ് പരാതി. 1964 മുതല്‍ നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന റോഡാണ് ഇതോടെ ഇല്ലാതായത്.
മഴ പെയ്താല്‍ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുമുണ്ട്. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചെറുകാവ് പഞ്ചായത്ത് മണ്ണെടുപ്പ് നിര്‍ത്തി വെപ്പിച്ചിരുന്നു. പിന്നീട് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്ഥലത്ത് സര്‍വേ നടത്താനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും റോഡ് കൈയേറിയിട്ടുണ്ടെന്ന് വ്യക്തമായാല്‍ കര്‍ശന നപടി സ്വീകരിക്കുമെന്നും ചെറുകാവ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.