ദേശീയം
‘ഭാരത് മാതാവ് എന്ന പേര് ഇന്ന് ഇന്ത്യയിൽ അൺപാർലമെന്‍ററി ആയിരിക്കുന്നു’, സഭാ രേഖയിലെ വാക്ക് നീക്കത്തിൽ രാഹുൽ
ലോക്സഭയിലെ ഇന്നലത്തെ തന്‍റെ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാ രേഖയിൽ നിന്ന് നീക്കിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഭാരത് മാതാവ് എന്ന പേര് ഇന്ന് ഇന്ത്യയിൽ അൺപാർലമെന്‍ററി ആയിരിക്കുന്നു എന്നാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. എന്തുകൊണ്ടാണ് തന്‍റെ പ്രസംഗത്തിലെ വാക്കുകൾ സഭാ രേഖയിൽ നിന്ന് നീക്കം ചെയ്തതെന്ന് സ്പീക്കർ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
അതേസമയം രാഹുലിന്‍റെ വാക്കുകൾ നീക്കം ചെയ്തതിൽ രാവിലെ തന്നെ കോൺഗ്രസും പ്രതിപക്ഷവും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാളായ ഇന്നലെ രാഹുൽ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകളാണ് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തത്. കൊലപാതകമെന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന വാചകത്തിലെ ‘കൊല’ എന്ന വാക്കടക്കം നീക്കിയിരുന്നു. പ്രസംഗത്തിൽ ഉടനീളം കൊലപാതകം എന്ന വാക്ക് രാഹുൽ ഉപയോഗിച്ചിരുന്നു. പലയിടത്ത് നിന്നും ഇത് നീക്കി. ബി ജെ പി നേതാക്കൾ രാജ്യദ്രോഹികൾ ആണെന്ന വാചകത്തിലെ ‘രാജ്യദ്രോഹികൾ’ എന്ന വാക്കും ഒഴിവാക്കിയിരുന്നു. പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ കഴിയില്ല എന്ന വാചകത്തിലെ ‘പ്രധാനമന്ത്രി’ എന്ന വാക്കും നീക്കിയിരുന്നു.
നേരത്തെ രാഹുൽ ഗാന്ധിയുടെ പ്രസംഗസമയത്ത് ടി വിയില്‍ ഏറെനേരം സ്പീക്കറെ കാണിച്ചതും വിവാദമായിരുന്നു. ഇക്കാര്യത്തിലും രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സൻസദ് ടി വിയിൽ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ തുടര്‍ച്ചയായി സ്പീക്കറെ കാണിച്ചത് ചോദ്യം ചെയ്താണ് പ്രതിപക്ഷ അംഗങ്ങളും കോൺഗ്രസ് നേതാക്കളും ഇന്നലെ രംഗത്തെത്തിയത്. 37 മിനിറ്റ് പ്രസംഗത്തില്‍ രാഹുലിനെ ടി വിയില്‍ കാണിച്ചത് 14 മിനിറ്റ് മാത്രമാണെന്നും ഇത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യമാണ് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് അടക്കമുള്ളവർ ഉയർത്തിയത്. മൊത്തം 37 മിനിറ്റ് പ്രസംഗിച്ചപ്പോൾ ഏറെനേരവും സൻസദ് ടി വിയിൽ കാണിച്ചത് സ്പീക്കർ ഓം ബിർളയെ ആണെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. മൊത്തം 37 മിനിറ്റ് പ്രസംഗിച്ച രാഹുൽ, 15 മിനിറ്റ് നേരത്തോളമാണ് മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. ഇതിൽ 11 മിനിറ്റും സൻസദ് ടി വിയല്‍ കാണിച്ചത് സ്പീക്കർ ഓം ബിർളയെ ആയിരുന്നുവെന്നും ഇത് പ്രതിഷേധാർഹമാണെന്നും ജയ്റാം രമേശ് അഭിപ്രായപ്പെടുകയും ചെയ്തു.