കേരളം
ആകാശവാണിയുടെ പേരും രൂപവും മാറുന്നു
ചെലവുകുറയ്ക്കലിന്റെ ഭാഗമായി ആകാശവാണിയുടെ പേരും രൂപവും മാറ്റുന്നു. വാര്‍ത്തകള്‍ക്കും സംഗീതപരിപാടികള്‍ക്കുമായി സംസ്ഥാനത്ത് ഓരോ സ്വതന്ത്ര സ്റ്റേഷന്‍ മാത്രമാണുണ്ടാവുക.
ഇക്കാര്യത്തില്‍ അന്തിമതീരുമാനം അടുത്തദിവസംതന്നെയുണ്ടാകും. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആകാശവാണി മലയാളം എന്ന പേരിലുള്ള സ്റ്റേഷനില്‍നിന്ന് മാത്രമാണ് വാര്‍ത്തകള്‍ പ്രക്ഷേപണംചെയ്യുക.
ആകാശവാണി കേരളത്തിന്റെ കോണ്‍ട്രിബ്യൂട്ടറി പദവിയിലാണ് കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, ദേവീകുളം സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക. സാംസ്‌കാരിക-സാഹിത്യപരിപാടികള്‍ റെക്കോഡ് ചെയ്ത് തിരുവനന്തപുരത്തേക്ക് അയക്കുകയെന്നതുമാത്രമാവും ഉപ സ്റ്റേഷനുകളുടെ ചുമതല.
റിലെ ചെയ്യുന്നതിനുള്ള ചുമതലയ്ക്കുപുറമേ മേഖലാ ഓഫീസില്‍നിന്ന് ആവശ്യപ്പെടുന്ന റെക്കോഡിങ് മാത്രമാവും ചുമതല. ആകാശവാണി മലയാളം പൂര്‍ണമായും സംഗീതത്തിനും മറ്റ് വിനോദ പരിപാടികള്‍ക്കുമായാണ് പ്രവര്‍ത്തിക്കുക.
ഇപ്പോഴത്തെ തിരുവനന്തപുരം സ്റ്റേഷനില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന ആകാശവാണി മലയാളത്തിന്റെ കോണ്‍ട്രിബ്യൂട്ടറി സ്റ്റേഷനായി കോഴിക്കോട് പ്രവര്‍ത്തിക്കും.
സംസ്ഥാനത്താകെ ഒരു പരിപാടി എന്ന നിലയിലാവുകയും പ്രാദേശിക പരിപാടികള്‍ ഇല്ലാതാവുകയും ചെയ്യുന്നതാവും ഫലം. പരിപാടികള്‍ ഒന്നായി മാറുന്നതിന് പുറമേ ഒരു സ്ഥലത്തുനിന്ന് ഒരു ബാനറില്‍ മാത്രമാകും പ്രക്ഷേപണമെന്നതിനാല്‍ പരസ്യനിരക്കും കൂടും.
കോഴിക്കോട്ടും തിരുവനന്തപുരത്തും ഇപ്പോഴുള്ള വിവിധ് ഭാരതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും തീരുമാനമുണ്ട്.
പ്രക്ഷേപണച്ചെലവ് കുറയ്ക്കാനും നിലവിലുള്ള ഒഴിവുകളില്‍ പ്രോഗ്രാം വിഭാഗത്തില്‍ നിയമനം നടത്താതിരിക്കാനുമാണ് പുതിയ മാറ്റം.
രാജ്യത്താകെ ഈ വിധത്തില്‍ ആകാശവാണിയെ പുനഃസംഘടിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.