ആരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ പഞ്ചാബ്, ഛത്തീസ്ഗഢ്
, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. പരിശോധനകളുടെ എണ്ണം കൂട്ടാനും ആര്‍ ടി-പി സി ആര്‍ ടെസ്റ്റുകള്‍ ഉയര്‍ത്താനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, കോവിഡ് വീണ്ടും വ്യാപിച്ചതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും സംസ്ഥാനം ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറയുന്നു. ഇതിന്റെ ആദ്യപടിയെന്നോണം പൂനെയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതല്‍ പുലര്‍ച്ച ആറുമണിവരെ അവശ്യസര്‍വീസുകളൊഴികെ മറ്റുള്ളവയ്ക്ക് കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 28 വരെ സ്‌കൂളുകളും കോളേജുകളും അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 87000 ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യയില്‍ കോവിഡിന്റെ ഒരു രണ്ടാം ഘട്ട വ്യാപനത്തിന്റെ സൂചനയാണെന്ന് സംശയമുണ്ട്. 24 മണിക്കൂറിനിടെ 14,264 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് നിലവിലുള്ള സജീവ കോവിഡ് കേസുകളില്‍ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. പഞ്ചാബ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കുറച്ച് ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ചില സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്.