കേരളം
ആംബുലൻസിന് വഴികൊടുക്കാതെ പാഞ്ഞ് കാർ, ഇടയ്ക്ക് ബ്രേക്കിട്ട് അഭ്യാസം; തടസം സൃഷ്ടിച്ചത് കിലോമീറ്ററുകളോളം
കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആംബുലൻസിന് മാര്‍ഗതടസം സൃഷ്ടിച്ച് സ്വകാര്യ കാർ. രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനാണ് കാർ മാർഗതടസം ഉണ്ടാക്കിയത്.
ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപാസ് വരെയാണ് കാർ പ്രയാസം സൃഷ്ടിച്ചത്.സൈറൺ മുഴക്കി ഓടുന്ന ആംബുലൻസ് നിരന്തരം ഹോൺ മുഴക്കിയിട്ടും വഴിമാറിക്കൊടുക്കാതെ പായുകയായിരുന്നു കാർ. ഇടയ്ക്ക് ബ്രേക്കിടുകയും ചെയ്തതായി ആംബുലൻസിൽ ഉണ്ടായിരുന്നവർ പറഞ്ഞു. കാർ തുടർച്ചയായി ബ്രേക്കിട്ടതോടെ രോഗിയുടെ ബന്ധുക്കൾ ആംബുലൻസിനുള്ളിൽ തെറിച്ചു വീഴുന്ന സാഹചര്യവും ഉണ്ടായി.
കാര്‍ ഉടമയെ കണ്ടെത്തിയിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടമായി ഉടമയ്ക്ക് നോട്ടീസ് അയച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇനി വാഹനം ഓടിച്ചയാളെ കണ്ടെത്തി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്കാകും കടക്കുക.
രോഗിയുടെ ബന്ധുക്കൾ തന്നെ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ച്, മോട്ടോർ വാഹനവകുപ്പ് അതിവേഗം നടപടിയെടുത്തു. കാർ ഓടിച്ച തരുണിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമെ പാലിയേറ്റീവ് കേന്ദ്രത്തിൽ പരിശീലനവും നൽകും. ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെട്ടാൽ പാലിയേറ്റീവ് കേന്ദ്രത്തിൽ സേവനം ചെയ്യണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അപകടത്തിൽപ്പെട്ട് തളർന്നുപോയവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കാനാണ് കൂടിയാണ് ഈ പരിശീലനം.