കേരളം
നിയന്ത്രണം വിട്ട് ബൈക്ക് ഇടിച്ച് തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം
ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂരിൽ കാർ ബൈക്കിലിടിച്ച് വയോധികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ മുഹമ്മദുണ്ണി (65)യാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടു പേർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന എരമംഗലം സ്വദേശി കാട്ടിലെ വളപ്പിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ഷെരീഫ് (48), കാർ യാത്രികരും കടവല്ലൂർ സ്വദേശികളുമായ മുട്ടിപ്പാലത്തിങ്കൽ റഫീഖ് (45), ഉപ്പും തറക്കൽ വീട്ടിൽ ഇബ്രാഹിംകുട്ടി (58) എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന ഷെരീഫിന്റെ പരിക്ക് ഗുരുതരമാണ്.
പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷെരീഫിനെ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ യാത്രക്കാരായ രണ്ടു പേരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 നാണ് അപകടമുണ്ടായത്. പെരുമ്പിലാവിൽ നിന്നും ചങ്ങരംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിനു പിറകിൽ കാർ ഇടിച്ചാണ് അപകടം. കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപത്തെ ഇടവഴിയിൽ നിന്നും സംസ്ഥാന പാതയിലേക്ക് കയറിയ ശേഷം അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിനു പിറകിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിച്ച കാർ മീറ്ററുകളോളം ബൈക്ക് യാത്രികരെ റോഡിലൂടെ വലിച്ചുകൊണ്ടു പോയതായി നാട്ടുകാർ പറയുന്നു. ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട കാർ കടവല്ലൂർ പാടത്തെ റോഡരികിലെ കോൺക്രീറ്റ് കുറ്റിയിൽ തട്ടി കുറ്റിച്ചെടികൾക്കിടയിലാണ് നിന്നത്. ബൈക്ക് അപകട സ്ഥലത്ത് നിന്ന് ദൂരെ മാറി റോഡിനു മധ്യഭാഗത്താണ് കിടന്നിരുന്നത്. കാറിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടത്തിൽപ്പെട്ട ബൈക്കിനു പിറകിലാണ് മരിച്ച മുഹമ്മദുണ്ണി ഇരുന്നിരുന്നത്. മുൻഭാഗം ഒഴികെ ബൈക്ക് പൂർണ്ണമായും തകർന്നു. കാർ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡിലൂടെ വലിച്ച് കൊണ്ടുപോയ ബൈക്ക് യാത്രക്കാരുടെ ശരീരഭാഗങ്ങൾ റോഡിൽ ചിതറി കിടന്നിരുന്നു.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ബൈക്ക് യാത്രികരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദുണ്ണി മരിച്ചിരുന്നു. അപകടത്തിനു ശേഷം കാർ യാത്രക്കാർ അതുവഴി വന്ന മറ്റൊരു കാറിൽ കയറിയാണ് ആശുപത്രിയിലേക്ക് പോയത്. അപകട വിവരമറിഞ്ഞ് കുന്നംകുളത്തു നിന്നും ചങ്ങരംകുളത്ത് നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച മുഹമ്മദുണ്ണിയുടെ ഭാര്യ – ഖദീജ. മക്കൾ – നിസാമുദീൻ, ജാസിം, ജാസ്മിൻ, ജസ്ന.