കേരളം
ഇന്ത്യക്ക് അഭിമാനമായി മാറിയ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി
ഇന്ത്യക്ക് അഭിമാനമായി മാറിയ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണത്തിന്‍റെ അശ്വിൻ ശേഖറിന്‍റെ പേരിലാണ് അറിയപ്പെടുന്നത്. അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐഎയു) ജൂണിലാണ് ഈ പ്രഖ്യാപനം നടത്തിയത്. പാലക്കാട് ജില്ലയില്‍ ചെര്‍പ്പുളശ്ശേരിക്കടുത്ത് നെല്ലായ സ്വദേശിയാണ് അശ്വിൻ.
പാരിസ് ഒബ്സർവേറ്ററി ഉൽക്കാപഠനസംഘത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ് അദ്ദേഹം. ‘ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍’ എന്നാണ് അസ്‌ട്രോണമിക്കല്‍ യൂണിയന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജൂൺ 21ന് യുഎസിലെ അരിസോണയിൽ നടന്ന ആസ്റ്ററോയിഡ് കോമറ്റ്സ് മെറ്റേഴ്സ് കോൺഫറൻസിൽ വെച്ചാണ് ഛിന്നഗ്രഹത്തിന്റെ നാമകരണ പ്രഖ്യാപനം അസ്‌ട്രോണമിക്കല്‍ യൂണിയന്‍ നടത്തിയത്.
2000 ജൂണില്‍ കണ്ടെത്തിയ നാലര കിലോമീറ്റര്‍ വ്യാസമുള്ള മൈനര്‍ പ്ലാനറ്റ് (asteroid) അഥവാ ഛിന്നഗ്രഹം ഇനി ‘(33928) അശ്വിന്‍ശേഖര്‍’ (‘(33928)Aswinsekhar’) എന്നറിയപ്പെടും. യുഎസില്‍ അരിസോണയിലുള്ള ഫ്‌ളാഗ്സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ലോവല്‍ ഒബ്‌സര്‍വേറ്ററി ആദ്യം നിരീക്ഷിച്ച ‘2000എല്‍ജെ27’ എന്ന ഛിന്നഗ്രഹത്തിനാണ് അശ്വിന്‍റെ പേരിട്ടത്. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അശ്വിന് ആകട്ടെയെന്ന് മന്ത്രി വി ശിവൻകുട്ടി ആശംസിച്ചു.
38 കാരനായ അശ്വിൻ ശേഖറിന് ഐഐടിയിൽ പഠിക്കാനോ നാസയിൽ ജോലി ചെയ്യാനോ അവസരം ലഭിച്ചില്ല. എന്നാൽ പേരിൽ ഒരു ഛിന്നഗ്രഹമുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഉൽക്കാ ശാസ്ത്രജ്ഞനാണ് അദ്ദേഹം. ഈ മലയാളിയെ ഇന്ന് നേരിൽ കണ്ടു. അഭിനന്ദനങ്ങൾ അറിയിച്ചു. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ അശ്വിന് ആകട്ടെയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ബഹ്റൈനിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ചുമതലക്കാരനായ ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി ശേഖർ സേതുമാധവന്റെയും അനിത ശേഖറിന്റെയും മകനാണ് അശ്വിൻ.