കേരളം
മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടര വര്‍ഷം കൊണ്ട് ഡിഗ്രി; വിദേശത്തേയ്ക്ക് പോയ പ്രതിഭകളെ തിരിച്ചുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ രണ്ടര വര്‍ഷം കൊണ്ട് ഡിഗ്രി നേടാൻ കഴിയുന്ന earn one semester സംവിധാനം സംസ്ഥാനത്ത് ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ പഠനത്തിന് ഇടയ്ക്ക് ഇടവേള എടുക്കാനും കോളജോ സര്‍വകലാശാലയോ മാറാനും സൗകര്യം ഒരുക്കുന്ന വിധമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സ്വരൂപിക്കാന്‍ വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടിക്ക് കോഴിക്കോട് തുടക്കമായി. ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി സംവദിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേത് ആണ് ഗവേഷകര്‍ക്കായി ആരംഭിച്ച നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്. ഇതിനോടകം 176 പേര്‍ക്ക് ഇത് ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗവേഷണമേഖലയ്ക്കായി വലിയ തുകയാണ് ചെലവഴിച്ചത്. ഇത് ഒരു ചെലവായല്ല സര്‍ക്കാര്‍ കാണുന്നത്. ഭാവിയിലേക്കുള്ള നിക്ഷേപമായാണ് ഇതിനെ കാണുന്നത്. വിഭവശേഷിയില്‍ കേരളം മുന്നില്‍ ഒന്നുമല്ല. എന്നാല്‍ സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. നല്ല പ്രതിഭയുള്ളവര്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത തുടരുന്നുണ്ട്. വിദേശത്തേയ്ക്ക് പോയവരെ തത്കാലത്തേയ്ക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പ്രത്യേക പദ്ധതിയും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലുവര്‍ഷ ബിരുദം നടപ്പാക്കുന്നതോടെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുടെ മുഖഛായ തന്നെ മാറും. നിലവിലെ മൂന്ന് വര്‍ഷത്തിന് പകരം ഒരു വര്‍ഷം കൂടി അധികമായി പഠിക്കുക എന്നതല്ല ലക്ഷ്യമിടുന്നത്. മറിച്ച് നിലവിലെ അധ്യാപനം, പഠനം, മൂല്യനിര്‍ണയം എന്നി രംഗങ്ങളില്‍ സമൂലമായ മാറ്റമാണ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളുടെ അഭിരുചിക്കാണ് പ്രാധാന്യം നല്‍കുന്നത്. അവര്‍ക്ക് അവരുടെ കരിയര്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് പരിഷ്‌കരണം നടപ്പാക്കിയത്. ഇതിനെല്ലാം പുറമേ മികച്ച സാമൂഹിക ജീവികളായി വിദ്യാര്‍ഥികളെ മാറ്റാന്‍ ലക്ഷ്യമിട്ടാണ് ബിരുദ പദ്ധതി മുന്നോട്ടുവെയ്ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രത്തിന്റെ പേരില്‍ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കുന്ന ഈ കാലത്ത് ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്ര അവബോധം സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ശാസ്ത്ര ബോധവും മാനവിക മൂല്യവുമുള്ള തലമുറയ്ക്ക് മാത്രമേ വിദ്വേഷ രഹിതമായ ഒരു നവകേരളം സൃഷ്ടിക്കാന്‍ കഴിയൂ. ഈ ബോധ്യം വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!