Kerala
സസ്പെന്‍ഷന്‍ പിന്‍വലിച്ചു, മനീഷ് എത്തി; മലയാലപ്പുഴ രാജൻ അനുസരയുള്ളവനായി


ഗജകേസരിപ്പട്ടം നേടിയ മലയാലപ്പുഴ രാജന്റെ, സസ്പെൻഷനിൽ ആയിരുന്ന ഒന്നാം പാപ്പാന്‍ മുതുകുളം മനീഷിനെ തിരിച്ചെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഒന്നാം പാപ്പാൻ ഇല്ലാത്തതിനാൽ മദപ്പാടിലുള്ള മലയാലപ്പുഴ രാജന് ചികിത്സ നൽകാൻ കഴിഞ്ഞിരുന്നില്ല. വിഷയത്തിൽ മലയാലപ്പുഴ ആനപ്രേമി സംഘം ദേവസ്വം ബോർഡിന് രേഖാമൂലം പരാതി നൽകിയിരുന്നു. ആനയുടെ ചികിത്സയും പരിചരണവും മുടങ്ങിയ സാഹചര്യത്തിലാണ് ഒന്നാം പാപ്പാന്റെ സസ്പെൻഷൻ പിൻവലിച്ചത്.
ആറ് മാസത്തിലേറെയായി മദപ്പാടിലാണ് മലയാലപ്പുഴ രാജൻ. ആനയുടെ തീറ്റയെ ചൊല്ലി ആറന്മുള അസിസ്റ്റൻറ് കമ്മീഷണറുമായുള്ള തർക്കത്തെ തുടർന്ന് ഒന്നാം പാപ്പാൻ മുതുകുളം മനീഷ് സസ്പെൻഷനിൽ ആയിരുന്നു. രണ്ടാം പാപ്പാൻ വിനയനെ ആന അടുപ്പിക്കില്ല. ചികിത്സയ്ക്ക് തടസ്സം നേരിട്ടതോടെയാണ് മലയാലപ്പുഴ ആനപ്രേമി സംഘം ദേവസ്വം ബോർഡിന് പരാതി നൽകിയത്. ഇതോടെ ഒന്നാം പാപ്പാൻ മനീഷിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായി. മനീഷ് അടുത്തെത്തിയതോടെ മലയാലപ്പുഴ രാജൻ വീണ്ടും അനുസരണയുള്ളവനായി. തിരികെ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മനീഷ് പറഞ്ഞു. പുതിയ പാപ്പാനെ നിയമിച്ചാൽ ചട്ടം പഠിച്ച് ഇണങ്ങാൻ വീണ്ടും മാസങ്ങൾ വേണ്ടിവരും.
ആനയുടെ ആരോഗ്യസ്ഥിതി ഓർത്താണ് ദേവസ്വം ബോർഡിന് പരാതി നൽകിയതെന്ന് മലയാലപ്പുഴ ആനപ്രേമി സംഘം അംഗങ്ങൾ പറഞ്ഞു. ഒന്നാം പാപ്പാന്റെ പരിചരണം തന്നെയാണ് ആനയ്ക്ക് നല്ലതെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും ചൂണ്ടിക്കാട്ടി വെറ്റിനറി ഡോക്ടറും ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ആനയുടെ കാലിൽ ചങ്ങല ഉരഞ്ഞ് മുറിവും ഉണ്ടായിട്ടുണ്ട്. ഒന്നാം പാപ്പാൻ എത്തിയതോടെ ചികിത്സ ആരംഭിക്കാനാകും.