കേരളം
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കും
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ശിശുസൗഹൃദമാക്കാന്‍ തീരുമാനം. കുട്ടികള്‍ക്ക് ഏത് സമയത്തും പേടിയില്ലാതെ പരാതി നല്‍കാനുള്ള അന്തരീക്ഷം പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു.
സംസ്ഥാനത്തെ 15 പോലീസ് സ്റ്റേഷനുകളില്‍ പുതുതായി ആരംഭിച്ച ശിശു സൗഹൃദ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവരുടെ മക്കള്‍ക്ക് സന്തോഷകരമായി സമയം ചെലവഴിക്കാന്‍ ലക്ഷ്യമിട്ടാണ് 2006ല്‍ ശിശുസൗഹൃദ പോലീസ് സ്റ്റേഷന് എന്ന ആശയം നടപ്പില്‍ വരുത്തിയത്. നിലവില്‍ 85 പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരം സൗകര്യമുള്ളത്.
കൊല്ലം റൂറലിലെ ചടയമംഗലം , പത്തനാപുരം, അഞ്ചല്‍, എറണാകുളം, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, മലമ്പുഴ, മലപ്പുറത്തെ ചങ്ങരംകുളം, നിലമ്പൂര്‍, താനൂര്‍, കണ്ണൂരിലെ പാനൂര്‍, കാസര്‍കോട്, ജില്ലയിലെ ആധൂര്‍, രാജപുരം, ബദിയടുക്ക, എന്നിവയാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളായി മാറിയത്.
മൂന്ന് മാസത്തിനുള്ളില്‍ 12 പോലീസ് സ്റ്റേഷനുകളില്‍ കൂടി ഈ സംവിധാനം നടപ്പാക്കുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.