കേരളം
താഴേക്ക് സ്റ്റെപ്പുള്ള ഓഡിറ്റോറിയം; അപകടമുണ്ടാതിൽ പ്രതികരിച്ച് കുസാറ്റിലെ വിദ്യാർത്ഥി
കുസാറ്റിൽ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തെ കുറിച്ച് വിശദീകരിച്ച് ദൃക്‌സാക്ഷിയായ വിദ്യാർത്ഥി. ആദ്യം വന്നവർ കാലിടറി വീഴുകയും ഇതിന് മുകളിലേക്ക് മറ്റ് വിദ്യാർത്ഥികളും വീണാണ് അപകടം സംഭവിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു.
‘നികിത ഗാന്ധിയുടെ പരിപാടിയായിരുന്നു നടന്നത്. പരിപാടി ആരംഭിച്ചയുടൻ ഗേറ്റ് തുറക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും കുട്ടികളെല്ലാം അകത്തേക്ക് കയറി. ഇത് ഓപ്പൺ എയറായ താഴേക്ക് സ്റ്റെപ്പുകളുള്ള ഓഡിറ്റോറിയമാണ്. ആദ്യം വന്നവർ തന്നെ താഴേക്ക് വീണു. ഇതിന് പിന്നാലെ വന്നവരും ലെയറായി വീഴുകയായിരുന്നു. ടീ-ഷർട്ടും ടാഗും ഉള്ളവരെ മാത്രമാണ് കയറ്റിയിരുന്നത്’- വിദ്യാർത്ഥി പറഞ്ഞു. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥി പ്രതികരിച്ചു.
ഇന്ന് 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. ഇരുപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്.