കേരളം
ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടറായി ചുമതലയേറ്റു
പ്രതിഷേധങ്ങള്‍ക്കിടെ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു. പതിനൊന്ന് മണിയോടെ ചുമതലയേല്‍ക്കാല്‍ കലക്ടറേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പതിനൊന്നരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്.
രണ്ടുവര്‍ഷമായി ആരോഗ്യവകുപ്പിലാണ് വര്‍ക്ക് ചെയ്യുന്നത്. ആലപ്പുഴയിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയാം. മറ്റുകാര്യങ്ങളൊന്നും അറിയില്ലെന്നും ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോ വന്നതല്ലേയുള്ളു, അതിന് ശേഷം പഠിച്ചിട്ട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാം. ഫോക്കസ് ഏരിയ എന്താണെന്ന് പഠിച്ച ശേഷമെ പറയാന്‍ കഴിയുകയുള്ളു. എടുത്തുചാടി ഒന്നും പറയാനില്ലെന്നും ആദ്യമായിട്ടല്ലേ കളക്ടാറാവുന്നതെന്നും വെങ്കിട്ടരാമന്‍ പറഞ്ഞു. പ്രതിഷേധത്തെ പറ്റി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ പത്തുമണിയോടെ ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേല്‍ക്കുമെന്നറിഞ്ഞതോടെ നൂറ് കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. നേരത്തെ തന്നെ കലക്ടറേറ്റ് വളപ്പില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
ശ്രീറാമിനെആലപ്പുഴ കലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് അംഗീകരിക്കില്ല. കളങ്കിതനായ വ്യക്തിയെ കലക്ടറാക്കരുത്. മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമനെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും മുന്‍ ഡിസിസി പ്രസിഡന്റും മുന്‍എംഎല്‍എയുമായി എഎ ഷുക്കൂര്‍ പറഞ്ഞു.
നേരത്തേ ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂര്‍ സമാനമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബഷീറിന്റെ കുടുംബത്തോട് പരസ്യമായി മാപ്പു പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കലക്ടറാക്കിയെന്ന വാര്‍ത്ത വേദനിപ്പിക്കുന്നെന്നായിരുന്നു സലീമിന്റെ പ്രതികരണം.
മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ച വാഹനം ഇടിച്ചു കൊല്ലപ്പെട്ടത്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീറാമിന്റെ രക്ത പരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത് വിവാദമായിരുന്നു. ഡോക്ടര്‍ കൂടിയായ ശ്രീറാം രക്തത്തില്‍ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ പരിശോധന നടത്താന്‍ സമ്മതിക്കാത്തതിനാല്‍ 10 മണിക്കൂറിനുശേഷം നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. രക്ത പരിശോധന വൈകിപ്പിക്കാന്‍ പൊലീസ് ഒത്തുകളിച്ചതായും ആരോപണം ഉയര്‍ന്നു.