രാജ്യാന്തരം
ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിലെത്തിച്ചു; ഉച്ചയോടെ ഇടുക്കിയിലെത്തിക്കും
ഇസ്രായേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു. കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി അധികൃതരും ചേർന്ന് ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡൽഹിയിൽ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിക്കും.
ഇസ്രായേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും.
ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്.