Uncategorized
ലോകകപ്പ് മാറ്റിയാല്‍ ഐ.പി.എല്ലില്‍ കളിക്കും: സ്‌മിത്ത്
ട്വന്റി20 ലോകകപ്പ് മാറ്റിവയ്‌ക്കുകയാണെങ്കില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രാജസ്‌ഥാന്‍ റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം സ്‌റ്റീവന്‍ സ്‌മിത്ത്. ഇപ്പോള്‍ ലോകകപ്പ് നിശ്‌ചയിച്ചിരിക്കുന്ന സമയം ഐ.പി.എല്‍. നടന്നാല്‍ റോയല്‍സിനുവേണ്ടി പാഡണിയാനുള്ള താല്‍പര്യമാണു റോയല്‍സ് പ്രകടിപ്പിച്ചത്. ഈവര്‍ഷം ഒക്‌ടോബര്‍ 18 മുതല്‍ ഓസ്‌ട്രേലിയയിലെ വിവിധ വേദികളിലാണ് ട്വന്റി20 ലോകകപ്പ് നിശ്‌ചയിച്ചിരിക്കുന്നത്.
നവംബര്‍ 15 ന് കൊടിയിറങ്ങും.
എന്നാല്‍ കോവിഡ് വൈറസ്‌ബാധയുടെ പശ്‌ചാത്തലത്തില്‍ ഈവര്‍ഷം ലോകകപ്പിനുള്ള സാധ്യത കുറവാണ്. മാര്‍ച്ച് 29 ന് ആരംഭിക്കാനിരുന്ന ഐ.പി.എല്‍. വൈറസ്‌വ്യാപനം രൂക്ഷമായതോടെ അനിശ്‌ചിതമായി മാറ്റിവച്ചിരിക്കുകയാണ്. ലോകകപ്പ് മാറ്റിവയ്‌ക്കുകയും രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയും ചെയ്‌താല്‍ ഈവര്‍ഷംതന്നെ ഐ.പി.എല്‍. അരങ്ങേറാനുള്ള സാധ്യതയേറെയാണ്. സ്വന്തം നാട്ടില്‍ നിശ്‌ചയിച്ചിരിക്കുന്ന ലോകകപ്പ് നടക്കുമോയെന്നതില്‍ വ്യക്‌തതയില്ലെന്നു സ്‌മിത്ത് പറഞ്ഞു.
രാജ്യത്തിനുവേണ്ടി കളിക്കുകയെന്നതിനാണു മുന്‍തൂക്കം നല്‍കുന്നത്; പ്രത്യേകിച്ച് ലോകകപ്പ് പോലൊരു നിര്‍ണായക ടൂര്‍ണമെന്റില്‍. എന്നാല്‍ ലോകകപ്പ് മാറ്റിവയ്‌ക്കുകയും ദേശീയടീമിനു മറ്റ് മത്സരങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍ ഐ.പി.എലില്‍ കളിക്കാന്‍ താല്‍പര്യമുണ്ട്. ഐ.പി.എലിനും അതിന്റേതായ പ്രാധാന്യമുണ്ട്. ലോകകപ്പ് മാറ്റിവയ്‌ക്കുന്ന സാഹചര്യമുണ്ടായാല്‍ തന്നെപ്പോലെ ഏതൊരു താരവും ഐ.പി.എലില്‍ കളിക്കാനാകും ആഗ്രഹിക്കുകയെന്നും സ്‌മിത്ത് വ്യക്‌തമാക്കി.
ടി-20 ലോകകപ്പ് സംബന്ധിച്ച അനിശ്‌ചിതത്വം വൈകാതെ നീങ്ങുമെന്ന പ്രതീക്ഷയും സ്‌മിത്ത് പങ്കുവച്ചു. ഇക്കാര്യത്തിലുള്ള തീരുമാനം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രഖ്യാപിക്കുന്നതോടെ അനിശ്‌ചിതത്വമൊഴിയും. വ്യക്‌തിപരമായി അതേക്കുറിച്ചു കൂടുതല്‍ ആശങ്കപ്പെടുന്നില്ല. സര്‍ക്കാരിന്റെയും വിദഗ്‌ധരുടെയും ഉപദേശത്തിന് അനുസൃതമായി ടൂര്‍ണമെന്റിന്റെ ഭാവി നിശ്‌ചയിക്കുന്നതാകും ഉചിതം.
ലോകകപ്പിനു പച്ചക്കൊടി കിട്ടിയാല്‍ അതു മഹത്തായ കാര്യമാണ്. അനുമതിയില്ലെങ്കിലും വ്യസനമില്ല. ക്രിക്കറ്റിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ട പലതുമാണ് ഇപ്പോള്‍ ലോകത്തു നടക്കുന്നത്. അതിനാല്‍ മത്സരം പുനരാരംഭിക്കാന്‍ അനുമതി ലഭിക്കുന്നതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും സ്‌മിത്ത് പറഞ്ഞു.
പന്തുചുരണ്ടല്‍ വിവാദത്തില്‍ കുരുങ്ങി ഒരുവര്‍ഷത്തോളം ക്രിക്കറ്റില്‍നിന്നു വിലക്കു ലഭിച്ചശേഷം സ്‌മിത്ത് കളത്തിലിറങ്ങിയിട്ട് അധികനാളായില്ല. 911 പോയിന്റുമായി ടെസ്‌റ്റ് ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാം സ്‌ഥാനത്താണു മുപ്പതുകാരനായ സ്‌മിത്ത്. 886 പോയിന്റുമായി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്ലിയാണു രണ്ടാമത്.