ക്രൈം
ഗായികയും നടിയുമായ മല്ലികാ രാജ്പുത് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

നടിയും ഗായികയുമായ മല്ലികാ രാജ്പുത് (35) എന്ന വിജയലക്ഷ്മിയെ സ്വവസതിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പോലീസ് അധികൃതർ അറിയിച്ചതാണ് ഇക്കാര്യം. കോട്ട് വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിംഗ് പറഞ്ഞു.
ആത്മഹത്യയാവാനാണ് സാധ്യതയെന്ന് കോട്ട് വാലി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർ ശ്രീറാം പാണ്ഡേ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014-ൽ കങ്കണാ റണൗട്ട് നായികയായ റിവോൾവർ റാണി എന്ന ചിത്രത്തിലെ വേഷം അവർക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തു. ഗായകൻ ഷാൻ ആലപിച്ച യാരാ തുഝേ എന്ന ആൽബവും മല്ലികയ്ക്ക് ജനപ്രീതി സമ്മാനിച്ചു.
2016-ൽ ബി.ജെ.പിയിൽ ചേർന്ന അവർ രണ്ടുവർഷത്തിനുശേഷം പാർട്ടി വിട്ടു. പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ മല്ലികാ രാജ്പുത് 2022-ൽ ഭാരതീയ സവർണ സംഘ് നാഷണൽ സെക്രട്ടറി ജനറൽ ആയി. കഥക് പരിശീലകയായിരുന്നു. ഗസലുകൾ എഴുതുകയും വേദികളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)