കേരളം
സിദ്ദിഖ് കൊലപാതകം: പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
ഹോട്ടല്‍ വ്യാപാരി സിദ്ദിഖ് കൊലപാതകത്തിൽ പ്രതികളുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ ആയിരിക്കും തെളിവെടുപ്പ് നടത്തുക. ഹോട്ടലിനു പുറമേ തെളിവ് നശിപ്പിക്കാനായി പ്രതികൾ ഉപകരണങ്ങൾ വാങ്ങിയ കടയിലും ഇന്ന് തെളിവെടുപ്പ് നടത്തും.
കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടല്‍ ഡി-കാസ ഇന്‍, മൃതദേഹം ഉപേക്ഷിക്കാന്‍ ട്രോളി ബാഗ് വാങ്ങിയ മാനാഞ്ചിറയിലെ കട എന്നിവിടങ്ങളിലെത്തിച്ചാവും ഇന്ന് തെളിവെടുപ്പ് നടത്തുക. ഇന്നലെ പ്രതികളുമായി അട്ടപ്പാടിയിലും ഫർഹാനയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
അട്ടപ്പാടിയിൽ നിന്നും സിദ്ദിഖിന്റേതെന്ന് കരുതുന്ന മൊബൈൽ ഫോണും ഫർഹാനയുടെ വീട്ടിൽ നിന്നും കൊലപ്പെടുത്തുമ്പോൾ സിദ്ദിഖ് ധരിച്ചിരുന്ന വസ്ത്രം കത്തിച്ച നിലയിലും പൊലീസ് കണ്ടെത്തി. പ്രതികളായ ഫര്‍ഹാന, ഷിബിലി എന്നിവരാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ജൂണ്‍ 2 നാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.