Kerala
ഡോ മനോജിനെതിരെ വീണ്ടും ലൈംഗികാതിക്രമ പരാതി; മോശമായി പെരുമാറിയെന്ന് വനിതാ ഡോക്ടർ


ലൈംഗിക ആരോപണ വിധേയനായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ വീണ്ടും പരാതി. ജനറൽ ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ മനോജിനെതിരെയാണ് വീണ്ടും ലൈംഗികാതിക്രമ പരാതി ഉയർന്നിട്ടുള്ളത്. 2018 ൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇ-മെയിൽ വഴി പരാതി നൽകിയത്.
അമേരിക്കയിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2018 ൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻസി കാലയളവിൽ ഡോ. മനോജിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ജനറൽ മെഡിസിൻ വിഭാഗം മേധാവിയും, ഹൗസ് സർജൻസി കോർഡിനേറ്ററുമായിരുന്ന ഡോക്ടർ മനോജ് കടന്നുപിടിച്ച് ചുംബിച്ചു എന്നാണ് പരാതി. വനിതാ ഡോക്ടറുടെ മൊഴി എടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ മറ്റൊരു വനിതാ ഡോക്ടർ നൽകിയ പരാതിയിൽ ഡോക്ടർ മനോജിനെതിരെ പൊലീസ് ലൈംഗികാതിക്രമ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഡോക്ടർ മനോജ് ഇപ്പോൾ ആലുവയിലാണ് ജോലി ചെയ്യുന്നത്.