കേരളം
പട്ടികജാതി, പട്ടികവർഗക്കാർ താമസിക്കുന്ന കോളനികൾ എന്ന പേര് മാറ്റി സദ്ഗ്രാമങ്ങൾ ആക്കണം: നജീബ് കാന്തപുരം
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ താമസിക്കുന്ന പ്രദേശങ്ങളെ കോളനികൾ എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം മന്ത്രി കെ. രാധാകൃഷ്ണന് നിവേദനം നൽകി.
കൊളോണിയൽ ഭരണത്തെ നാടുകടത്തിയെന്ന് നാം അവകാശപ്പെടുമ്പോഴും ദളിതർ ഇപ്പോഴും കോളനിയിൽ തന്നെയാണെന്ന് നജീബ് കാന്തപുരം പറഞ്ഞു. കോളനികൾ എന്ന പേര് തന്നെ ആക്ഷേപകരമായി ഉപയോഗിക്കപ്പെടുന്ന കാലത്ത് ഈ ഗ്രാമങ്ങളെ സദ്ഗ്രാമങ്ങൾ എന്ന് പുനർനാമകരണം ചെയ്യണമെന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു.
ചരിത്രപരമായ കാരണങ്ങളാൽ സാമൂഹ്യ ഉച്ചനീചത്വങ്ങൾക്ക് വിധേയമായി മാറ്റിനിർത്തപ്പെട്ട പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളെ ഇപ്പോഴും കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
നമ്മൾ ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളെന്താണ് ?
മാറിയ സാമൂഹ്യ ജീവിതമെന്താണ് ?
നമ്മുടെ നാട്ടിലെ പട്ടിക ജാതി / വർഗ്ഗ വിഭാഗങ്ങൾ താമസിക്കുന്ന ഗ്രാമങ്ങളെ നാം ഇപ്പോഴും വിളിക്കുന്നത് ‘കോളനി’
എന്നാണ്.
ആരുടെ കോളനി ?
കൊളോണിയൽ ഭരണത്തെ നാടുകടത്തിയെന്ന് നാം അവകാശപ്പെടുമ്പോഴും ദളിതർ ഇപ്പോഴും കോളനിയിൽ തന്നെ.
അവരുടെ മനോഭാവത്തിനു പോലും അധമ ബോധം നൽകുന്ന ആ വിളി എന്തുകൊണ്ട് നാം തുടരുന്നു.
ഇന്ന് നിയമസഭയിൽ വെച്ച് ബഹുമാന്യനായ പട്ടികജാതി-വർഗ്ഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനുമായി സംസാരിച്ചു.
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മുൻ കൈ എടുക്കണമെന്ന് അഭ്യർത്ഥിച്ചു.
ഒരു സാമൂഹ്യമാറ്റത്തിന് ഇതനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇത് സർക്കാർ പരിഗണിക്കാമെന്ന് പറഞ്ഞു.
ഇക്കാര്യത്തിൽ അദ്ദേഹത്തിന് നിവേദനം നൽകി.
കോളനികൾക്ക് പകരം സദ്ഗ്രാമം എന്ന് നാമകരണം ചെയ്യാമെന്ന നിർദ്ദേശവും സമർപ്പിച്ചു.