രാജ്യാന്തരം
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപനം നടത്തി. വിശുദ്ധ പദവിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ അല്മായ രക്തസാക്ഷിയാണ്. വിശുദ്ധ പദവിലേക്ക് ഉയര്‍ത്തിയത് ദേവസഹായം പിള്ള ഉള്‍പ്പെടെ 10പേരെയാണ്.
ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ദേവസഹായംപിളള മറ്റ് ഒന്‍പത് പേര്‍ക്കൊപ്പമാണ് വിശുദ്ധഗണത്തിലെത്തുന്നത്. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ആ ധന്യമുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാന്‍ ആയിരങ്ങളാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നും എത്തിയിരിക്കുന്നത്.
ഹൈന്ദവനായി ജനിച്ച നീലകണ്ഠപിളളയാണ് ലാസര്‍ ദേവസഹായം പിളളയായത്. തിരുവിതാകൂര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു പിളള. 1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് നേവിയുടെ ക്യാപ്ററന് ഡിലനോയി തടവിലാക്കപ്പെട്ടു. ക്യാപ്ററന്റെ വിശ്വാസത്തില്‍ ആകൃഷ്ടനായാണ് നീലകണ്ഠപിളള ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് വരുന്നത്.
നീലകണ്ഠപിളളയുടെ മതപരിവര്‍ത്തനം രാജാവിന്റെ അപ്രീതിക്ക് കാരണമായെന്നും കാറ്റാടിമലയില്‍വച്ച് വെടിവച്ച് കൊന്നെന്നുമാണ് ചരിത്രം. പിന്നീട് ഇവിടേയ്ക്ക് വിശ്വാസികള്‍ കൂട്ടത്തോടെ എത്തി. പതിററാണ്ടുകളായി ഇന്നാട്ടുകാര് പുണ്യാത്മാവായി പൂജിക്കുന്ന ദേവസഹായംപിളളയെ കത്തോലിക്കാ സഭ വിശുദ്ധപദവിയിലേയ്ക്കുയര്ത്തുമ്പോള് ആഹ്ളാദ നിറവിലാണ് വിശ്വാസി സമൂഹം.