കേരളം
വിയ്യൂർ ജയിലിലെ കലാപം: കൊടി സുനിക്കെതിരെ ജയിൽ വകുപ്പ് തുടരന്വേഷണം നടത്തിയില്ലെന്ന് ആരോപണം
ടി.പി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നടത്തിയ ആസൂത്രിത കലാപത്തിൽ തുടരന്വേഷണത്തിന് മുതിരാതെ ജയിൽ വകുപ്പ്. സുനിക്ക് ജയിൽ മാറ്റത്തിന് വഴിയൊരുക്കുന്നതിന് ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശയോടെയാണ് കലാപം നടന്നതെന്നാണ് ഉയരുന്ന ആരോപണം. തെളിവായി സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സഹായികളായി നിന്ന ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടിയുണ്ടായില്ല.
കഴിഞ്ഞ ഞായറാഴ്ച വിയ്യൂർ ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ 10 തടവുകാർ നടത്തിയ കലാപം ആസൂത്രണം ചെയ്തതിൽ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ട് എന്നാണ് ഉയരുന്ന ആരോപണം. കലാപം നടന്ന് ഒരാഴ്ചയാകുമ്പോഴും മതിയായ അന്വേഷണമോ നടപടികളോ ഇല്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് ജയിൽ വകുപ്പ്. മധ്യമേഖലാ ഡിഐജിയുടെ കീഴിലുള്ള വിയൂരിൽ നിന്ന് ഉത്തര മേഖലാ ഡിഐജിയുടെ കീഴാലുള്ള തവനൂരിലേക്ക് കലാപത്തിന് പിന്നാലെ കൊടി സുനിയെ മാറ്റിക്കൊടുത്തു.
കണ്ണൂരിലേക്ക് പ്രത്യക ഉത്തരവില്ലാതെ മാറ്റുന്നതിന് ഇനി തടസ്സമില്ല. അതീവ സുരക്ഷാ ജയിലിന്റെ ഇന്നർ സർക്കിൾ ബ്ലോക്കിൽ നിന്നാണ് കലാപം തുടങ്ങുന്നത്. തടവുകാർ പുറത്തിറങ്ങണമെങ്കിൽ ഗേറ്റ് തുറക്കണം. തൊട്ടടുത്ത ഓഫീസ് റൂമിലേക്ക് രഞ്ജിത്ത് ഉൾപ്പടെയുള്ള തടവുകാരെത്തിയത് ഉദ്യോഗസ്ഥരിൽ ചിലരുടെ സഹായത്താലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇക്കാര്യങ്ങൾ സിസിടിവിയിൽ ഉണ്ടായിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മധ്യമേഖലാ ഡിഐജി പ്രാഥമികാന്വേഷണം നടത്തി തിടുക്കപ്പെട്ട് തടവുകാരെ ജയിൽ മാറ്റിക്കൊടുത്തു.
ജയിലിൽ കലാപം നടക്കുമ്പോൾ സുനിയെ സഹായിച്ച ജീവനക്കാരിൽ ചിലർ കാഴ്ചക്കാരായി നിന്നു എന്നും ആക്ഷേപമുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ജീവനക്കാരെത്തിയാണ് കലാപം നിയന്ത്രിച്ചത്. 13 പേരാണ് അതീവ സുരക്ഷാ ജയിലിലന്ന് ഡ്യൂട്ടിക്കുണ്ടായിരുന്നത്. കലാപം നിയന്ത്രിച്ച ശേഷം നടത്തിയ പരിശോധനയിൽ കൊടി സുനിയും ടിറ്റോ ജറോമും ഉപയോഗിച്ചതെന്ന് കരുതുന്ന ഫോൺ കണ്ടെടുത്തിരുന്നു. വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകൾ പൂർത്തിയാക്കിയാണ് തടവുകാരെ ഇന്നർ സർക്കിളിലെ ബ്ലോക്കിലെത്തിക്കുക. അതുകൊണ്ടു തന്നെ ഇവിടേക്ക് മൊബൈൽ എത്തിച്ചതിലും ഉദ്യോഗസ്ഥരുടെ കൈയ്യുണ്ടെന്നത് വ്യക്തം.