ദേശീയം
ഇനി മുതൽ കടപ്പത്രം നേരിട്ട് വാങ്ങാം ; പുതിയ ആപ്പുമായി റിസര്‍വ് ബാങ്ക്
സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് മൊബൈല്‍ ആപ്പുമായി റിസര്‍വ് ബാങ്ക്. നിക്ഷേപകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ ആപ്പ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. യാതൊരുവിധ ഇടപെടലും ഇല്ലാതെ തന്നെ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ യഥേഷ്ടം വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ആപ്പ്.
ഇടനിലക്കാരുടെ സഹായമില്ലാതെ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിന് 2020ലാണ് റീട്ടെയില്‍ ഡയറക്ട് പദ്ധതി റിസര്‍വ് ബാങ്ക് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി പോര്‍ട്ടലിന് രൂപം നല്‍കുകയും ചെയ്തിരുന്നു. നിക്ഷേപകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മൊബൈല്‍ ആപ്പ് കൂടി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിന് രൂപം നല്‍കിയത്.
മറ്റു നിക്ഷേപ ആപ്പുകള്‍ പോലെ വേഗത്തില്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്ന വിധമാണ് ഇതില്‍ ക്രമീകരണം. കൂടാതെ പോര്‍ട്ട്‌ഫോളിയോ ട്രാക്ക് ചെയ്യാനും വിപണി വിവരങ്ങള്‍ ലഭ്യമാക്കാനും കഴിയുന്ന വിധമാണ് സംവിധാനം.നിലവില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഈ സേവനങ്ങള്‍ ലഭ്യമാണ്. റീട്ടെയില്‍ ഡയറക്ട് പദ്ധതി അനുസരിച്ച് റിസര്‍വ് ബാങ്കില്‍ റീട്ടെയില്‍ ഡയറക്ട് ഗില്‍റ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്താണ് ഇടപാട് നടത്തേണ്ടത്.