കാലാവസ്ഥ
കാലവർഷം തൊട്ടരികെ; വേനൽമഴ രണ്ടുനാൾകൂടി

കാലവർഷം എത്താനിരിക്കെ സംസ്ഥാനത്ത് രണ്ടു ദിവസംകൂടി ശക്തമായ വേനൽമഴ തുടരും. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനത്തിലാണിത്.
ശനിയാഴ്ചയ്ക്കു ശേഷം വേനൽമഴയുടെ ശക്തി പൊതുവേ കുറയും. എന്നാൽ മദ്ധ്യ, വടക്കൻ ജില്ലകളിൽ മഴ കാര്യമായി കുറയില്ല. വടക്കൻ മേഖലയിൽ ചെറിയ തോതിൽ മേഘവിസ്ഫോടന സാദ്ധ്യതയുമുണ്ട്. കാലവർഷം 31ന് എത്തുമെന്നാണ് പ്രവചനമെങ്കിലും അതിലും നേരത്തേ എത്താനാണ് സാദ്ധ്യത. കേരളതീരത്തിന്റെ തെക്ക് 500 കിലോമീറ്റർ അകലെ കാലവർഷം രൂപപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് കുന്ദമംഗലത്ത് 24 മണിക്കൂറിൽ 20.8 സെന്റീമിറ്റർ മഴ ലഭിച്ചു. ഇത് മേഘ വിസ്ഫോടനത്തിന്റെ ലക്ഷണമാണ്. രണ്ടു മണിക്കൂറിൽ 5 മുതൽ 10 സെന്റീ മീറ്റർവരെ മഴ ലഭിച്ചാൽ അത് ലഘു മേഘവിസ്ഫോടനമായാണ് കണക്കാക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം 25ന് തീവ്ര ന്യൂനമർദ്ദമായി ബംഗ്ലാദേശിലോ മ്യാൻമറിലോ എത്തിയേക്കും. ഇത് ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. ഇത്തരം ചുഴലിക്കാറ്റിന് റിമാൽ എന്നാണ് പറയുക. നിലവിൽ ഇതിന്റെ സ്വാധീനം കേരളത്തെ ബാധിക്കാനിടയില്ല. എന്നാൽ കേരള തീരത്ത് കടലാക്രമണ സാദ്ധ്യത കൂടുതലായതിനാൽ മത്സ്യബന്ധനം പാടില്ല.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട് യെല്ലോ അലർട്ട്.
ഇന്നലെ പെയ്ത മഴയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളുമുണ്ടായി. മീൻ പിടിക്കുന്നതിനിടെ ഒഴുക്കിലകപ്പെട്ട കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ്‌കുമാറിന്റെ മൃതദേഹം കണ്ടെത്തി. തലസ്ഥാന ജില്ലയിലെ നെടുമങ്ങാട്ട് പലയിടത്തും വെള്ളം കയറി. കൊല്ലം മുണ്ടയ്ക്കലിൽ കടലാക്രമണമുണ്ടായി.
പത്തനംതിട്ട അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയർന്നു. ആലപ്പുഴയിൽ 15 വീടുകളിൽ വെള്ളം കയറി. മൂന്നു വീടുകൾ ഭാഗികമായി തകർന്നു. തൊടുപുഴ മലങ്കര ഡാമിന്റെ നാലു ഷട്ടർ തുറന്നു. എറണാകുളത്ത് പലയിടത്തും വെള്ളംകയറി. തൃശൂർ നഗരമദ്ധ്യത്തിലെ അശ്വിനി ആശുപത്രി അത്യാഹിതവിഭാഗം വെള്ളത്തിലായി. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മുട്ടോളം വെള്ളംപൊങ്ങി. 50ലേറെ വീടുകളിലും വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.