കേരളം
ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് പതിനൊന്നു ട്രെയിനുകൾ റദ്ദാക്കി.
ആലുവയിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് തിരുവനന്തപുരം ഡിവിഷനിലെ പതിനൊന്നു ട്രെയിനുകൾ റദ്ദാക്കി. ഗതാഗതം പൂർണതോതിൽ പുനസ്ഥാപിക്കാനുള്ള നടപടികൾ തുടർന്നുവരികയാണെന്ന് റെയിൽവേ അറിയിച്ചു.
ഗുരുവായൂർ-തിരുവനന്തപുരം എക്‌സ്പ്രസ്, എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, പാലക്കാട്- എറണാകുളം മെമു, എറണാകുളം-പാലക്കാട് മെമു, കോട്ടയം-നിലമ്പൂർ എക്‌സ്പ്രസ്, നിലമ്പൂർ-കോട്ടയം എക്‌സ്പ്രസ്, ഷൊർണൂർ-എറണാകുളം എക്‌സ്പ്രസ്, ഗുരുവായൂർ-എറണാകുളം സ്‌പെഷൽ എക്‌സ്പ്രസ്, തിരുവനന്തപുരം-തിരുച്ചറപ്പള്ളി എക്‌സ്പ്രസ്, എറണാകുളം-ആലപ്പുഴ സ്‌പെഷൽ എക്‌സ്്പ്രസ്, ആലപ്പുഴ-എറണാകുളം സ്‌പെഷൽ എക്‌സ്പ്രസ് എന്നീ വണ്ടികളാണ് റദ്ദാക്കിയത്.
ആന്ധ്രയിൽ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോകുകയായിരുന്ന തീവണ്ടി ഇന്നലെ രാത്രിയാണ് പാളം തെറ്റിയത്. ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. പരിശ്രമത്തിനൊടുവിൽ രാത്രി രണ്ടുമണിയോടെ ഒരു വരിയിൽ ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.