കേരളം
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ
രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി ആദ്യം സെന്റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുക്കും
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ പ്രചാരണത്തിനായി കോൺഗ്രസ് മുൻ ദേശീയ പ്രസിഡന്റും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തി. എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.
രാവിലെ 11ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി ആദ്യം സെന്റ് തെരേസാസ് കോളജിലെത്തി വിദ്യാർഥിനികളുമായുളള സംവാദത്തിൽ പങ്കെടുക്കും. പിന്നീട് വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും പങ്കെടുക്കും.
വൈകിട്ട് നാലുമണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുൽ ഗാന്ധി അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. പര്യടനത്തിന്‍റെ രണ്ടാം ദിവസമായ നാളെ കോട്ടയം ജില്ലയിലും എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിലും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.
കേരളത്തിൽ ഇത്തവണ മത്സരം കടുക്കും എന്നാണ് വിലയിരുത്തൽ. നാമനിർദേശ പത്രികയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുമായി ഇരുമുന്നണികളും ബിജെപിയും രംഗത്തുണ്ട്. സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയത് സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
സിപിഎമ്മിന് ഭരണത്തുടർച്ചയും ബിജെപിക്ക് അവരുടെ കേന്ദ്ര നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നതിന് അഞ്ചാറ് സീറ്റുകളിലെ വിജയവും നേടിക്കൊടുക്കുന്നതിനാണ് ഇരു പാർട്ടികളും കരാറിലെത്തിയതെന്നും ബിജെപിയെ യഥാർത്ഥത്തിൽ എതിർക്കുന്ന പാർട്ടി കോൺഗ്രസ്സാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.