ദേശീയം
രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 10 പേർ
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്ത് 939 ഉദ്യോഗസ്ഥർ പൊലീസ് മെഡലിന് അർഹരായി. സംസ്ഥാനത്തുനിന്ന് ഐജി സി നാഗരാജു ഉൾപ്പെടെ പത്തു പേർ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിൽ നിന്ന് ആർക്കുമില്ല.
ഐ ജി നാഗരാജു ചക്കിലം, എസ് പിമാരായ ബി കൃഷ്ണകുമാർ, ആർ ജയശങ്കർ, ഡിവൈ എസ് പിമാരായ കെ എച്ച് മുഹമ്മദ് കബീർ റാവുത്തർ, കെ ആർ വേണുഗോപാലൻ, എം കെ ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി കമാൻഡൻറ് ടി പി ശ്യാംസുന്ദർ, സബ് ഇൻസ്പെക്ടർ സാജൻ കെ ജോർജ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ എൽ. ശശികുമാർ, എ കെ ഷീബ എന്നിവർക്കാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത്.
നിലവിൽ കൊച്ചി സിറ്റി പൊലീസ് കമീഷണറാണ് ഐ ജി നാഗരാജു ചക്കിലം. ബി കൃഷ്ണകുമാർ നിലവിൽ ഇൻറേണൽ സെക്യൂരിറ്റി എസ് പി ആണ്. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ സതേൺ റേഞ്ച് എസ് പിയാണ് ആർ ജയശങ്കർ. കെ എച്ച് മുഹമ്മദ് കബീർ റാവുത്തർ ഇടുക്കി അഡീഷനൽ എസ് പിയാണ്. കൊച്ചിൻ ഷിപ്പ്യാർഡിൽ ഡെപ്യൂട്ടേഷനിൽ വിജിലൻസ് ഓഫിസറാണ് കെ ആർ വേണുഗോപാലൻ. തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ് കമീഷണറാണ് എം കെ ഗോപാലകൃഷ്ണൻ.
കെ എ പി നാലാം ബറ്റാലിയനിൽ ഡെപ്യൂട്ടി കമാൻഡൻറാണ് ടി പി ശ്യാം സുന്ദർ. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡെപ്യൂട്ടി കമാൻഡൻറിൻറെ അധികചുമതലയും ഉണ്ട്. എസ് ഐ സാജൻ കെ ജോർജ് നിലവിൽ എറണാകുളം റൂറൽ ജില്ല സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ എൽ ശശികുമാർ തിരുവനന്തപുരം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്നു. പുതുക്കാട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറാണ് എ കെ ഷീബ.