കേരളം
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരം ചോര്‍ത്തി നൽകി ; പൊലീസുകാരനെതിരെ നടപടി
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു രഹസ്യവിവരം ചോര്‍ത്തി നല്കിയ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.െക. അനസിനെയാണു പിരിച്ചുവിട്ടത്. പൊലീസ് ഡേറ്റാബേസിൽ നിന്നു വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം.
സംഭവത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു. എന്നാൽ അനസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണു പിരിച്ചുവിടാൻ തീരുമാനമായത്. 13 വർഷമായി സർവീസുള്ള അനസ്, കാഞ്ഞാർ പൊലീസ് സ്റ്റേഷനിലുള്ളപ്പോഴാണ് വിവരങ്ങൾ ചോർത്തിയത്. വണ്ണപ്പുറം സ്വദേശിക്കാണ് ആർഎസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തി വിവരങ്ങൾ കൈമാറിയത്.
പൊലീസ് ഡേറ്റബേസിൽ നിന്ന് സ്വകാര്യ ഇ മെയിൽ വഴി തന്റെ ഫോണിലേക്കു വിവരങ്ങൾ എടുക്കുകയും തുടർന്ന് എസ്ഡിപിഐ പ്രവർത്തകർക്കു കൈമാറുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ അനസിനെ സസ്പെൻഡ് ചെയ്തിരുന്നു. ഒപ്പം കാരണം കാണിക്കൽ നോട്ടിസും ജില്ലാ പൊലീസ് മേധാവി നൽകി. എന്നാൽ അനസിന്റെ മറുപടി തൃപ്തികരമായിരുന്നില്ല. ഇതിനൊടുവിലാണ് അനസിനെ പിരിച്ചുവിടാനുള്ള തീരുമാനത്തിലെത്തിയത്.