കേരളം
മാസ്‌ക് മൂക്കിന് താഴെയാണോ ഇനി പിടിവീഴും
കൊവിഡ് വ്യാപനം ഉയര്‍ന്നതോടെ മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാന്‍ പിഴയീടാക്കല്‍ കര്‍ശനമാക്കി പൊലിസ്. സ്വകാര്യ വാഹനങ്ങളില്‍ മാസ്‌കില്ലാതെ യാത്ര ചെയ്താലും പിഴയീടാക്കും. കഴിഞ്ഞ ദിവസം മാത്രം പിഴയിനത്തില്‍ ചുമത്തിയത് എണ്‍പത് ലക്ഷത്തിലേറെ രൂപയാണ്.കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്തൊട്ടാകെ 4,858 പേര്‍ക്കെതിരേ കേസെടുത്തു.
1,234 പേരെയാണ് അറസ്റ്റു ചെയ്തത്. അഞ്ചുവാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 18,249 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.ബോധവത്കരണത്തിലൂടെ പ്രതിരോധം ശക്തമാക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഡി.ജി.പി അറിയിച്ചത്.
രോഗവ്യാപനം പ്രതീക്ഷിച്ചതിനപ്പുറമായതോടെ ഉപദേശം നല്‍കാതെ നിയമലംഘനം കണ്ടാലുടന്‍ പിഴയീടാക്കാനാണ് നിര്‍ദേശം.മാസ്‌കിലാണ് പ്രധാനമായും പിടിമുറുക്കുന്നത്. മാസ്‌കില്ലെങ്കില്‍ മാത്രമല്ല, മൂക്കിന് താഴെ സ്ഥാനം തെറ്റിക്കിടക്കുന്നാലും പിടികൂടും. 24 മണിക്കൂറിനകം അഞ്ഞൂറ് രൂപ സ്റ്റേഷനിലടക്കണം. അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് കൈമാറും.
അപ്പോള്‍ പിഴ മൂവായിരം വരെയായി ഉയര്‍ന്നേക്കാം. സ്വന്തം കാറിലോ വാഹനത്തിലോ യാത്ര ചെയ്യുന്നവരെപ്പോലും മാസ്‌കില്ലാത്തതിന് പിടികൂടുന്നുണ്ട്. ഒരു സ്റ്റേഷനില്‍ ഒരു ദിവസം അഞ്ഞൂറ് മുതല്‍ ആയിരം വരെ നിയമലംഘന കേസുകള്‍ പിടിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പ്രതിരോധ ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ നല്‍കിയിരിക്കുന്നത്.