കേരളം
പൊലീസേ, മറുപടി മലയാളത്തില്‍ മതി
മലയാളത്തില്‍ നല്കിയ പരാതിയുടെ മറുപടി മലയാളത്തില്‍ തന്നെ പുറപ്പെടുവിക്കണമെന്നും പരാതിക്കാരന് ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഉത്തരവിറക്കിയത്.
മലയാളത്തില്‍ പരാതി നല്‍കിയയാള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി നല്കിയ സംസ്ഥാന പൊലീസ് പരാതി പരിഹാര അതോറിറ്റിയുടെ ഉത്തരവിനെതിരെ ‘നേര്‍ക്കാഴ്ച’ മനുഷ്യാവകാശ സംഘടന നല്കിയ പരാതിയിലാണ് നടപടി. സംസ്ഥാന സര്‍ക്കാറിെന്റ നിയന്ത്രണത്തില്‍ വരുന്നതും അര്‍ധ ജുഡീഷ്യല്‍ പദവിയുള്ളതുമായ സംസ്ഥാന പൊലീസ് പരാതി പരിഹാര അതോറിറ്റി മാത്രം ഉത്തരവുകളും മറുപടികളും ഇംഗ്ലീഷില്‍ മാത്രമാണ് നല്‍കിയിരുന്നത്.
നേര്‍ക്കാഴ്ച അസോസിേയഷന്‍ സെക്രട്ടറി പി.ബി. സതീഷ്, മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥര്ക്കെതിരെ നല്കിയ പരാതിക്കാണ് ഇംഗ്ലീഷില്‍ മറുപടി നല്‍കിയത്. പരാതി പരിശോധിച്ച ഔദ്യോഗിക ഭാഷാവകുപ്പ് മലയാളത്തില്‍ സമര്‍പ്പിച്ച പരാതിക്ക് ഇംഗ്ലീഷില്‍ വിധി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും മലയാളത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ തടസ്സങ്ങളുണ്ടെങ്കില്‍ വിശദ റിപ്പോര്‍ട്ടും പൊലീസ് പരാതി പരിഹാര അതോറിറ്റിയോട് ആവശ്യപ്പെട്ടു.
അതോറിറ്റി മുന്‍ ചെയര്മാന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, റിട്ട. ജില്ല ജഡ്ജ് പി. മുരളീധരന്, മുന്‍ ഡി.ജി.പിമാരായ കെ.എസ്. ബാലസുബ്രഹ്മണ്യം, കെ.പി. സോമരാജന് എന്നിവരില്‍ നിന്നാണ് വിശദീകരണം തേടിയത്.
മലയാളത്തില്‍ ഉത്തരവുകള്‍ നല്കാന് പ്രത്യേക നിര്‍ദേശമൊന്നും സര്‍ക്കാറില്‍ നിന്ന് ലഭിച്ചതായി ശ്രദ്ധയില്‍ പെട്ടിരുന്നിെല്ലന്നും പൊലീസ് ആക്ട് ഒഴികെ പൊലീസുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം ഇംഗ്ലീഷിലാണെന്നും വിശദീകരിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന് ആവശ്യമെങ്കില്‍ ഉത്തരവ് മലയാളത്തില്‍ നല്‍കാമെന്നും മറുപടി നല്കി.