രാജ്യാന്തരം
ചൈനയില്‍ 133 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു
ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നതെന്ന് ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഗ്വാങ്ചി മേഖലയില്‍ വുസു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് മലമുകളില്‍ വലിയ തീപിടിത്തമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്കു തിരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹ്രസ്വ ദൂരയാത്രകള്‍ക്ക് ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതാണ് ബോയിങ് 737 വിമാനങ്ങള്‍. ഇതില്‍ ബോയിങ് മാക്‌സ് വിമാനങ്ങള്‍ ഇപ്പോള്‍ പല കമ്പനികളും ഉപയോഗിക്കുന്നില്ല. രണ്ടു വലിയ അപകടങ്ങളെത്തുടര്‍ന്നാണ് ഇവയുടെ ഉപയോഗം അവസാനിപ്പിച്ചത്. ചൈനീസ് എയര്‍ലൈന്‍ ബോയിങ്ങിന്റെ ഏതു വിമാനമാണ് ഉപയോഗിച്ചതെന്നു വ്യക്തമല്ല.