കേരളം
വനം മന്ത്രിക്ക് മാപ്പില്ല; മുദ്രാവാക്യം മുഴക്കി ജനങ്ങൾ. ഉന്നതതലയോഗം ചേരാൻ മുഖ്യമന്ത്രിയുടെ നിർദേശം
തുടർച്ചയായ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ നിയന്ത്രണാതീതമായി ജനരോഷം. വനം മന്ത്രിക്കെതിരെയും ജില്ലാ ഭരണകൂടത്തിനെതിരെയും ശക്തമായ പ്രതിഷേധവും മുദ്രാവാക്യം വിളികളുമാണ് പുൽപള്ളിയിലും സമീപപ്രദേശങ്ങളിലും ഉയരുന്നത്. വനം വകുപ്പ് ജീവനക്കാർക്ക് എതിരെയും പ്രതിഷേധം ശക്തമാണ്.
നിലവിൽ ഇപ്പോഴും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആയിരക്കണക്കിന് പേരാണ് പ്രതിഷേധിച്ചെത്തിയത്. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് വരുന്നതെന്നായിരുന്നു വിമര്‍ശനം. ജില്ലയെ അവഗണിക്കുന്ന വനംമന്ത്രിയെ ലക്കിടിയില്‍ തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു.
മന്ത്രിതല സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, എം ബി രാജേഷ് എന്നിവരാണ് സംഘത്തിലുള്ളത്. ജില്ലയെ അവഗണിച്ച മന്ത്രി സംഘത്തെ തടയുമെന്ന് നാട്ടുകാർ അറിയിച്ചു. വയനാട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്. എ കെ ശശീന്ദ്രനെയും സംഘത്തെയും കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് യുഡിഎഫ് സംഘടനകൾ അറിയിച്ചു. വന്യമൃഗങ്ങളെ നേരിടുന്ന തങ്ങൾ പൊലീസിനെ ഭയകുന്നില്ലെന്ന് സമരക്കാർ അറിയിച്ചു. തുടർച്ചയായി വന്യജീവി ആക്രമണം നടന്നിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ അറിയിച്ചു.
അതേ സമയം വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!