കേരളം
ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന നിര്‍ണായക ഘട്ടത്തിലേക്ക്; വയനാട്-മൈസൂര്‍ പാതയില്‍ ജാഗ്രത
വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്‌നയെ മയക്കുവെടിക്കാനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. ട്രാക്കിങ് സംഘം ആനയെ ദൗത്യസംഘം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. ആനയെ വെടിവെക്കാന്‍ വെറ്ററിനറി സംഘവും കാടിനകത്തേക്ക് പോയിട്ടുണ്ട്. വെയില്‍ മങ്ങിയശേഷം, അനുയോജ്യമായ സാഹചര്യത്തില്‍ കണ്ടാലുടന്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. മയക്കുവെടി വെച്ചാലുടന്‍ ആനയെ വളയുന്നതിനായി നാലു കുങ്കിയാനകളും കാടിനുള്ളിലേക്ക് എത്തിച്ചിട്ടുണ്ട്.
വിക്രം, ഭരത്, സൂര്യ, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനായി ബാവലിയിലുള്ളത്. മയക്കുവെടി വെച്ചശേഷം പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് തീരുമാനം. രണ്ടാഴ്ചയ്ക്കിടെയാണ് വയനാട്ടില്‍ വീണ്ടും കാട്ടാനയെ മയക്കുവെടി വെക്കുന്നത്.രണ്ട് സിസിഎഫ് മാരുടേയും അഞ്ച് ഡിഎഫ്ഒ മാരുടേയും നേതൃത്വത്തിലാണ് ആനയെ പിടിക്കാനുള്ള ദൗത്യം തുടരുന്നത്.
നാലു വെറ്ററിനറി ഓഫീസര്‍മാരും ദൗത്യസംഘത്തിലുണ്ട്. ബാവലി സെക്ഷനിലെ വനമേഖലയില്‍ നിന്നും ആനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വനംവകുപ്പ് നീക്കം ദ്രുതഗതിയിലാക്കിയത്. വനംവകുപ്പിന് പുറമെ റവന്യു, പൊലീസ് ഉദ്യോഗസ്ഥരും പ്രദേശത്തുണ്ട്. എലിഫന്റ് ആംബുലന്‍സും റെഡിയാക്കി നിര്‍ത്തിയിട്ടുണ്ട്. വയനാട്-മൈസൂര്‍ പാതയില്‍ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബാവലി റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ. ചിത്രമെടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.