കേരളം
പത്രപ്രവർത്തകനെ കള്ളക്കേസെടുത്ത് ജയിലിലടച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ
24 ന്യൂസിന്റെ അതിരപ്പിള്ളി ലേഖകനായ റൂബിൻ ലാലിനെ മർദ്ദിച്ച അതിരപ്പിള്ളി എസ്.എച്ച്.ഒ.യെയും കളളക്കേസ് നൽകിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരേയും സസ്പെന്റ് ചെയ്യണമെന്ന് കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാനസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു കാട്ടുപന്നി അപകടത്തിൽപ്പെട്ട് കിടന്നതിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയതിനെ ഫോറസ്റ്റുകാർ വിലക്കിയതിനെ ചൊല്ലി റൂബിനുമായി വാക്കേറ്റമുണ്ടായിരുന്നു. ദൃശ്യം പകർത്തിയതിന് പ്രത്യാഘാതമുണ്ടാകുമെന്ന് ഫോറസ്റ്റുകാർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഭീഷണിക്കെതിരെ അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്നപ്പോഴാണ് ഫോറസ്റ്റുകാരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് റൂബിന്റെ പേരിൽ കള്ളക്കേസ് നൽകിയ വിവരം അറിയുന്നത്. തിരിച്ചു പോന്ന റൂബിനെ തിങ്കളാഴ്ച്ച പുലർച്ചെ ഒരു മണിയോടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു ഷർട്ടിടാൻ പോലും അനുവദിക്കാതെ ഉടുത്ത മുണ്ടാലെ കൊണ്ടുപോയ റൂബിനെ സ്റ്റേഷനിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തുകയും മർദ്ദിക്കുകയും ചെയ്തു.
കൊടുംകുറ്റവാളികളോട് പോലും കാണിക്കാത്ത ക്രൂരതയും അപമാനവുമാണ് റൂബിന് നേരിടേണ്ടി വന്നത്.
ഒരു പരിസ്ഥിതിപ്രവർത്തകൻ കൂടിയായ റൂബിന്റെ വാർത്തകൾ അഴിമതിക്കാരായ ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർക്ക് തലവേദനയായിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോൾ ഇരുകൂട്ടരും ചേർന്ന് നടത്തിയത്. റൂബിൻ ഇപ്പോൾ റിമാന്റ് ചെയ്യപ്പെട്ട് ജയിലിലാണ്.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് ഭീഷണിയായഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി.ശങ്കർ , ജന. സെക്രട്ടറി കെ.കെ.അബ്ദുള്ള, ട്രഷറർ ബൈജു പെരുവ ,വൈസ് പ്രസിഡണ്ടുമാരായ സലിം മൂഴിക്കൽ , സെക്രട്ടറി കണ്ണൻ പന്താ വൂർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.