കേരളം
മുഖ്യമന്ത്രിക്കെതിരെ ചട്ട ലംഘനത്തിന് നോട്ടീസ്
നാല് വടക്കൻ ജില്ലകളിലെ തെരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പ് ഡിസംബർ 12ന് മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ തെരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടു കെ സി ജോസഫ് എം എൽ എ (ഇരിക്കൂർ) സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷന് നോട്ടീസ് നൽകി
കോവിഡ് വാക്സിന്റെ വിതരണം സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ തിരുമാനം ഉണ്ടാകുന്നതിനുമുമ്പ് ഇതു സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ ശുപാർശപോലും ഇല്ലാതെയും സർക്കാർ തലത്തിൽ വേണ്ടത്ര പരിശോധന ഇല്ലാതെയും കേരളത്തിൽ കോവിഡ് വാക്സിൻ സൌജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനം തദ്ദേശതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്.
കോവിഡ് വാക്സിന്‍റെ വിതരണചെലവ് കേന്ദ്രം വഹിക്കണമെന്ന നിർദ്ദേശം സംസ്ഥാന ഗവണ്മെന്‍റ് സമർപ്പിച്ചതായി അറിയുന്നു. ഈ കാര്യത്തിൽ കേന്ദ്രതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ജനങ്ങളിൽ ഭയപ്പാട് ഉണ്ടാക്കുന്ന രീതിയിൽ രണ്ടുദിവസമായി ” തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സംസ്ഥാനത്ത് കോവിഡ് രോഗം പടരാൻ ഇടയുണ്ടെന്ന് ” ആരോഗ്യമന്ത്രി തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുകയാണ്.
ഇങ്ങനെ ഭയപ്പാട് ഉണ്ടാക്കിയശേഷം കോവിഡ് വാക്സിൻ സൌജന്യമായി നൽകാമെന്ന് മുഖ്യമന്ത്രി ദൃശ്യമാധ്യമങ്ങളിൽ തൽസമയ പ്രക്ഷേപണ സൌകര്യങ്ങളോടെ നടത്തിയ വാഗ്ദാനം കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വോട്ടർമാരെ മാർക്സിസ്റ്റ് പാർട്ടിക്കും ഇടതുമുന്നണിക്കും അനുകൂലമായി സ്വാധീനിക്കാൻ നടത്തിയതാണ്.
ഈ ഉദ്ദേശം ഇല്ലെങ്കിൽ ഡിസംബർ 14ന് പോളിംഗിന് ശേഷം ഈ പ്രഖ്യാപനം നടത്തിയാൽ മതിയായിരുന്നു. ബോധപൂർവ്വം കരുതിക്കൂട്ടി മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നടത്തിയ വാഗ്ദാനം തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമായതിനാൽ ഈ കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ കെ സി ജോസഫ് അഭ്യർത്ഥിച്ചു