ആരോഗ്യം
‘കുഞ്ഞാതിര’ വരവായപ്പോള്‍ ഉണരാത്ത നിദ്രയില്‍ നിതിന്‍
അന്ന് ഉറങ്ങാന്‍ കിടന്നപ്പോഴും നിതിന്റെ സ്വപ്‌നങ്ങളില്‍ കുഞ്ഞുമാലാഖയായി അവള്‍ വന്നിരിക്കാം. ആ ഉറക്കം നിതിന്‍ ഉണര്‍ന്നില്ല. പക്ഷേ, അതൊന്നുമറിയാതെ അച്‌ഛന്റെ സ്വപ്‌നസാക്ഷാത്‌കാരമായി അവള്‍ പിറന്നു. ചേതനയറ്റ്, നാട്ടിലേക്കുള്ള അവസാനവരവും കാത്ത് നിതിന്‍ ഇപ്പോഴും ദുബായിലാണ്.
ദുബായില്‍, ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ച പേരാമ്പ്ര മുയിപ്പോത്ത് പടിഞ്ഞാറെക്കര കുനിയില്‍ വീട്ടില്‍ നിതിന്‍ ചന്ദ്ര(29)ന്റെ ഭാര്യ ആതിര ഇന്നലെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലാണു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. നിതിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ്, ആറ്റുനോറ്റു കാത്തിരുന്ന കണ്‍മണിയുടെ പിറവി. നിതിന്റെ മരണവിവരമറിയും മുമ്പേ ആതിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയാണു നിതിന്‍-ആതിര ദമ്പതികള്‍ ശ്രദ്ധേയരായത്. ഇതേത്തുടര്‍ന്ന്, ദുബായില്‍ ഐ.ടി. കമ്പനി ജീവനക്കാരിയായ ആതിര വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞമാസം ഏഴിനു നാട്ടിലെത്തി. ഭാര്യയ്‌ക്കൊപ്പം മടങ്ങാന്‍ നിതിനും അവസരം ലഭിച്ചെങ്കിലും അത്യാവശ്യക്കാരായ മറ്റു പ്രവാസികള്‍ക്കായി സ്വന്തം യാത്ര മാറ്റിവയ്‌ക്കുകയായിരുന്നു. ഭാര്യയുടെ പ്രസവശേഷം നാട്ടിലെത്താനിരുന്ന നിതിനെ കഴിഞ്ഞ ഞായറാഴ്‌ച രാവിലെ താമസസ്‌ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണു മരണകാരണം. ദുബായിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു. ആതിരയ്‌ക്കു ലഭിച്ച വിമാന ടിക്കറ്റിനു പകരം മറ്റു രണ്ടുപേരുടെ യാത്രാച്ചെലവും നിതിന്‍ വഹിച്ചിരുന്നു.