ദേശീയം
പ്രധാനമന്ത്രിയ്ക്ക് വാക്സിന് നല്‍കിയത് ജീവിതത്തിലെ വലിയ നിമിഷമെന്ന് നിഷ ശര്‍മ്മ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ടാം ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്. ആദ്യ ഘട്ട വാക്സിന് സ്വീകരിച്ച് 37 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി രണ്ടാം ഡോസ് കുത്തിവയ്പ്പെടുത്തത്. പഞ്ചാബില്‍ നിന്നുളള നഴ്സ് നിഷ ശര്‍മ്മയാണ് പ്രധാനമന്ത്രിക്ക് വാക്സിന് കുത്തിവച്ചത്.
ആദ്യ ഡോസ് കുത്തിവച്ച നഴ്സ് പുതുച്ചേരി സ്വദേശിനി പി.നിവേദയും ഒപ്പമുണ്ടായിരുന്നു.’പ്രധാനമന്ത്രിയ്ക്ക് രണ്ടാം ഡോസ് വാക്സിന് നല്‍കാനായി. അദ്ദേഹം ഞങ്ങളോട് സൗഹൃദത്തോടെ സംസാരിച്ചു.അദ്ദേഹത്തോടൊപ്പം ചിത്രങ്ങളെടുക്കാനുമായി. മറക്കാനാവാത്ത അനുഭവമാണിത്.’ കുത്തിവയ്പ്പ് നല്കിയ നിഷ ശര്‍മ്മ പറഞ്ഞു.
‘ഞാനാണ് പ്രധാനമന്ത്രിക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയത്. ഇന്ന് അദ്ദേഹത്തെ വീണ്ടും കാണാനും രണ്ടാം ഡോസ് വാക്സിന് നല്‍കാനും സാധിച്ചു. വലിയ സന്തോഷമായി.’ നിഷയ്ക്കൊപ്പമുണ്ടായിരുന്ന നഴ്സ് പി.നിവേദ പറഞ്ഞു.നേരത്തെ രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ‘എയിംസില്‍ നിന്നും രണ്ടാം ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചു. കൊവിഡ് വൈറസിനെ തുരത്താനുളള പല വഴികളിലൊന്നാണ് വാക്സിനേഷന്.
യോഗ്യരാണെങ്കില്‍ നിങ്ങളും വൈകാതെ വാക്സിന് കുത്തിവയ്പ്പെടുക്കുക എന്നാണ് പ്രധാനമന്ത്രി കുറിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു പ്രധാനമന്ത്രി ഒന്നാം ഡോസ് കൊവാക്സിന് സ്വീകരിച്ചത്. പി.നിവേദാണ് കുത്തിവയ്പ്പ് നടത്തിയത്. മലയാളി നഴ്സായ തൊടുപുഴ സ്വദേശിനി റോസമ്മ അന്ന് നിവേദയെ അനുഗമിച്ചിരുന്നു.