കേരളം
നിപ; 49 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്; വവ്വാലിന്റെ ആദ്യ സാമ്പിളുകളും നെഗറ്റീവ്
നിപ രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 49 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ഹൈ റിസ്‌കില്‍പ്പെട്ട രണ്ടു ആരോഗ്യപ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.
സാധാരണ നിലയിലുള്ള ലക്ഷണങ്ങളാണ് ഇവര്‍ പ്രകടിപ്പിച്ചത്. ഇതിലും തീവ്ര ലക്ഷണങ്ങള്‍ കാണിച്ച മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയുടെ ഫലം കഴിഞ്ഞദിവസം നെഗറ്റീവായിരുന്നു. അതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യം രോഗം ബാധിച്ചയാളുടെ ഹൈ റിസ്‌ക് കോണ്‍ടാക്ടിലുള്ള ഏതാണ്ട് മുഴുവന്‍ പേരെയും പരിശോധിച്ച് കഴിഞ്ഞു. എല്ലാവരും നെഗറ്റീവാണ്. മറ്റുള്ളവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ലക്ഷണം ഉള്ളവരെ മാത്രമാണ് പരിശോധിക്കുന്നത്. അത് നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.
നിപയുടെ ഉറവിടം കണ്ടെത്തുന്നതിന് പരിശോധനയ്ക്കയച്ച വവ്വാലിന്റെ ആദ്യ സാമ്പിളുകള്‍ നെഗറ്റിവാണ്. വവ്വാലുകളുടെ സാമ്പിളുകള്‍ വീണ്ടും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.