കേരളം
ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു
ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് നിരോധനം. അതിശക്ത മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെയാണ് നിയന്ത്രണം. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ടയിലാണ് റെഡ് അലർട്ടുള്ളത്. അതി ശക്തമായ മഴ ലഭിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിര്‍ദ്ദേശം. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നയിപ്പ്. മലയോര മേഖലകളിൽ മഴ കനക്കുകയാണ്.
റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പത്തനംതിട്ടയിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കാനുളള സ്ഥലങ്ങൾ കണ്ടെത്തി മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലെ ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കും.
തിരുവനന്തപുരത്തെ മലയോര മേഖലയിലേക്ക് അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ക്വാറിയിംഗ് നിരോധിച്ചു. തമിഴ് നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് ശക്തമായ മഴ തുടരുന്നത്. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.
കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. തുടർന്ന് മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.