കേരളം
കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഇനി പുതു നായകർ
സംസ്ഥാനത്തെ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഇനി പുതു നായകർ. തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഎമ്മിലെ ആര്യ രാജേന്ദ്രനെയും കൊല്ലത്ത് പ്രസന്ന ഏണസ്റ്റിനെയും കൊച്ചയിൽ അഡ്വ എം അനില്‍ കുമാറിനെയും മേയർമാരായി തിരഞ്ഞെടുത്തു.
മുൻസിപ്പൽ കൗൺസിൽ ചെയർമാൻമാരുടെ തിരഞ്ഞെടുപ്പും പൂർത്തിയായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ, മുൻസിപ്പൽ കൗൺസിൽ വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു രണ്ടിന് ആരംഭിക്കും.
Also read: പാലക്കാട് നഗരസഭാ അദ്ധ്യക്ഷയായി പ്രിയ. കെ
54 വോട്ട് നേടിയാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എൻഡിഎയിലെ സിമി ജ്യോതിഷിനു മുപ്പത്തി അഞ്ചും യുഡിഎഫിലെ മേരി പുഷ്പത്തിന് ഒൻപതും വോട്ട് ലഭിച്ചു. 99 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. ഒരു വോട്ട് അസാധുവായി. ക്വാറന്റീനിലായതിനാൽ ഒരംഗം വോട്ട് ചെയ്യാൻ എത്തിയില്ല.
കൊല്ലത്ത് രണ്ടാം തവണയാണ് പ്രസന്ന ഏണസ്റ്റ് മേയറാകുന്നത്. 55 അംഗ കൗൺസിലിൽ പ്രസന്നയ്ക്ക് 39 വോട്ട് ലഭിച്ചു. യുഡിഎഫിന് ഒൻപതും ബിജെപിക്ക് അഞ്ചും വോട്ട് ലഭിച്ചു. ബിജെപിക്ക് ആറ് അംഗങ്ങളാണുള്ളതെങ്കിലും ഒരു വോട്ട് അസാധുവായി. എസ്‌ഡിപിഐ അംഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.
കൊച്ചിയില്‍ എൽഡിഎഫിലെ അഡ്വ എം അനില്‍ കുമാര്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 75 അംഗ കൗണ്‍സിലില്‍ അനിൽ കുമാറിനു 36 വോട്ട് ലഭിച്ചു. യുഡിഎഫിന് മുപ്പത്തി രണ്ടും എൻഡിഎയ്ക്ക് അഞ്ചും വോട്ട് ലഭിച്ചു. ആരെയും പിന്തുണയ്ക്കില്ലെന്നാണ് മറ്റു രണ്ട് സ്വതന്ത്രരുടെ നിലപാട്.
ഓപ്പൺ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തിയാകും വോട്ട് ചെയ്യുക.
Also read: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ തിരുവനന്തപുരം മേയർ; രാജ്യത്തിന് അഭിമാനം
നാമനിർദേശം ചെയ്ത സ്ഥാനാർഥി ഒരാൾ മാത്രമേയുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. രണ്ടു സ്ഥാനാർഥികളാണെങ്കിൽ കൂടുതൽ സാധുവായ വോട്ട് കിട്ടുന്നയാൾ തിരഞ്ഞെടുക്കപ്പെടും. രണ്ടു സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചാൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും.
രണ്ടിലധികം സ്ഥാനാർഥികൾ മത്സരിക്കാനുണ്ടായാൽ ഒരു സ്ഥാനാർഥിക്ക് മറ്റെല്ലാ സ്ഥാനാർഥികൾക്കും കൂടി കിട്ടിയിട്ടുള്ള മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചാൽ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കും. മറ്റു സ്ഥാനാർഥികളുടെ മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാർഥിയെ ഒഴിവാക്കി ശേഷിക്കുന്ന സ്ഥാനാർഥികളെവച്ചു വീണ്ടും വോട്ടെടുപ്പ് നടത്തും. അങ്ങനെ ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. കൗൺസിൽ ഹാളിൽ സാമൂഹിക അകലം, സാനിറ്റൈസർ, മാസ്‌ക് എന്നിവ നിർബന്ധമാണ്.
Also read: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയി വിജയിച്ചു
എറണാകുളം ജില്ലയിലെ 13 മുൻസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ, കൊച്ചി കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നാളെ നടക്കുക. കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ജില്ലാ കലക്ടർ ആണ് വരണാധികാരി. മുൻസിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പിനായി വരണാധികാരികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തൃശൂർ ജില്ലയിലെ ഏഴ് മുൻസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാൻ, തൃശൂർ കോർപറേഷനിലെ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്.